ജീവകാരുണ്യത്തിന് പന്തുരുളുന്ന ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റ്
മാനന്തവാടി: പാവങ്ങള്‍ക്കും നിരാലംബര്‍ക്കും അത്താണിയാകാന്‍ കഴിഞ്ഞ 14 വര്‍ഷമായി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ പന്തുരുളുന്നുണ്ട്. കൊയിലേരി ഉദയാ വായനശാലയാണ് ഈ മാതൃകാ പ്രവര്‍ത്തനത്തിന്റെ സംഘാടകര്‍. ഈ വര്‍ഷവും അതിന് മുടക്കമില്ല.
ജില്ലക്കകത്തും പുറത്തും നിന്നുള്ള 16 പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ഈമാസം 17 മുതലാണ് ആരംഭിച്ചത്. പ്രാഥമിക മത്സരങ്ങളുടെ അവസാന ഘട്ടത്തിലെത്തിയ ടൂര്‍ണമെന്റിലെ കാണികളുടെ പങ്കാളിത്വം ഏറെ ശ്രദ്ധേയമാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം 18 പേര്‍ക്ക് ഒരു വര്‍ഷക്കാലം ഡയാലിസിസ് നടത്തുന്നതിനാണ് വിനിയോഗിക്കുക.
ഫ്ളഡ്ലൈറ്റ് ടൂര്‍ണമെന്റുകളില്‍ ടിക്കറ്റ് കലക്ഷന്‍ സാധ്യതകളുണ്ടെങ്കിലും ജീവകാരുണ്യത്തിനായി നടത്തുന്ന ഉദയാ ഫുട്ബോള്‍ ടിക്കറ്റോ പാസോ ഇല്ലാതെ നടത്തുന്ന ജില്ലയിലെ ഏറ്റവും വലിയ ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റാണ്.
വിജയികള്‍ക്ക് 30,000 രൂപയും റണ്ണേഴ്സ് അപ്പിന് 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും പ്രൈസ് മണിയാണ് ഇത്തവണ നല്‍കുന്നത്. മാര്‍ച്ച് അഞ്ചിനാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."