നോക്കൗട്ട് മോഹത്തിലേക്ക് ഇന്ത്യ
ഷാര്‍ജ: ഏഷ്യന്‍ കപ്പില്‍ നോക്കൗട്ട് മോഹവുമായി ഇന്ത്യ ഇന്ന് ബഹ്‌റൈനെ നേരിടാന്‍ ഇറങ്ങുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ - ബഹ്‌റൈന്‍, യു.എ.ഇ - തായ്‌ലന്‍ഡ് മത്സര ഫലങ്ങളാണ് അടുത്ത റൗണ്ടിലേക്കുള്ള ടീമുകളെ നിശ്ചയിക്കുക.
തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് രാത്രി ഷാര്‍ജ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഫിഫ റാങ്കിങില്‍ ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ഒരു സ്ഥാനത്തിന്റെ വ്യത്യാസമേയുള്ളൂ. ഇന്ത്യ 97, ബഹ്‌റൈന്‍ 98.
തായ്‌ലന്‍ഡിനെതിരേ മിന്നുന്ന വിജയവുമായി വരവറിയിച്ച ഇന്ത്യ യു.എ.ഇക്ക് മുന്നില്‍ പൊരുതി വീഴുകയായിരുന്നു.
സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ഗോളെന്ന് ഉറപ്പിച്ച നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും നിര്‍ഭാഗ്യം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്നു. ലോക നിലവാരത്തിലുള്ള കളി പുറത്തെടുക്കാനും ഇന്ത്യക്കായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബഹ്‌റൈനെ പരാജയപ്പെടുത്താനാവുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ടെന്ന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
രണ്ടാം മത്സരത്തിലെ തോല്‍വി മറന്നു കഴിഞ്ഞു. ഇനി ജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു. ഇന്ത്യ ദുര്‍ബല ടീമല്ലെന്ന് എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട തായ്‌ലന്‍ഡ് രണ്ടാം മത്സരത്തില്‍ ജയിച്ചതോടെയാണ് ഇന്ത്യ അടങ്ങുന്ന എ ഗ്രൂപ്പില്‍ നോക്കൗട്ടിനുള്ള മത്സരം കടുത്തത്. ഇന്ത്യ സമനില പിടിക്കുകയും തായ്‌ലന്‍ഡ് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ മോഹങ്ങള്‍ സഫലമാകും. തായ്‌ലന്‍ഡിനും ഇന്ത്യക്കും സമനില ലഭിച്ചാല്‍ ഗോള്‍ ശരാശരിയില്‍ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
ആദ്യ രണ്ട് പോരാട്ടങ്ങളിലും ഇറങ്ങിയ അതേ ഇലവനെ നിലനിര്‍ത്തിയാവും കോണ്‍സ്റ്റന്റൈന്‍ നീലപ്പടയെ കളത്തിലിറക്കുക. എല്ലാ താരങ്ങളും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തതിനാലാണ് മൂന്നാം മത്സരത്തിലും ഇലവനെ മാറ്റാതെ ഇറക്കുന്നതെന്നാണ് കോണ്‍സ്റ്റന്റൈന്‍ പറഞ്ഞത്. മലയാളി താരം ആഷിഖ് കുരുണിയന്‍, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക് ഇന്ന് അനായാസം ജയിച്ച് കയറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."