സംസ്ഥാന സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം: മുസ്‌ലിംലീഗ്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ആവശ്യപ്പെട്ടു. വലിയൊരു പ്രതിസന്ധിയില്‍ നിന്നും പതിയെ കരകയറി വരുന്ന കരിപ്പൂരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് നികുതിയിളവ് നല്‍കുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തോട് വിവേചനം കാണിക്കുകയാണ്. ഇത് വലിയ അനീതിയാണ്. മാത്രമല്ല വിമാനങ്ങളെ കണ്ണൂരിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ന്യായമായും സംശയിക്കാം.
എല്ലാ വിമാനത്താവളത്തിനോടും സര്‍ക്കാരിന് ഒരേ സമീപനമാവണം. കോഴിക്കോടും കണ്ണൂരും എല്ലാം നമ്മുടെ വിമാനത്താവളങ്ങളാണ്. കണ്ണൂരിന് നികുതി ഇളവ് കൊടുക്കുകയും കരിപ്പൂരിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി ഈ നടപടി കേരള സര്‍ക്കാര്‍ തിരുത്തണം. കെ.എ.എസ് സംവരണ അട്ടിമറി, കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് 17ന് മുഖ്യമന്ത്രിയെ കാണുമെന്നും ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."