ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു
തിരുവനന്തപുരം: ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ട സാഹചര്യത്തിലാണ് സമരം നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ സംഘ്പരിവാര്‍ ആലോചിക്കുന്നത്.
18ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ സെക്രട്ടേറിയറ്റ് വളയല്‍ ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ 10 ജില്ലകളില്‍ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും വേണ്ടെന്നുവയ്ക്കും.
ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടതും സെക്രട്ടേറിയറ്റ് വളയല്‍ സംഘര്‍ഷത്തിലേക്ക് പോകാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ കേസില്‍ കുടുങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നു.
15ന് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മൂന്ന് മണ്ഡലങ്ങളിലുള്ള എന്‍.ഡി.എ പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുക. ഇതിനുപിന്നാലെ ഓരോ മണ്ഡലം കേന്ദ്രീകരിച്ചും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. ഈ ആഴ്ച തന്നെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന നിരാഹാര സമരവും അവസാനിപ്പിക്കുമെന്നാണ് വിവരം.
അതേസമയം, ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലിസ് കേസെടുത്തത് സാധാരണ പ്രവര്‍ത്തകര്‍ക്കെതിരേയാണെന്ന് ആക്ഷേപമുണ്ട്. അക്രമത്തിന് പരസ്യമായി അഹ്വാനം ചെയ്ത നേതാക്കളെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ പൊലിസ് തയാറായിട്ടില്ല. സംസ്ഥാനത്തുണ്ടായത് ആസൂത്രിത കലാപനീക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെപ്പോലും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്താത്തത്.
സംഘര്‍ഷത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരുടെ കേസ് നടപടികളുമായി സഹകരിക്കാന്‍ ചിലയിടങ്ങളില്‍ നേതാക്കള്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അക്രമസംഭവങ്ങളില്‍ കേരളത്തിലാകെ 38,000 പ്രതികളുണ്ടെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പിടിയിലായത് 14,500 പേരാണ്. ബാക്കിയുള്ള പ്രതികളെ രണ്ടാഴ്ചക്കുള്ളില്‍ പിടികൂടണമെന്ന് ഡി.ജി.പി ജില്ലാ പൊലിസ് മേധാവിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."