ഈ കാഴ്ച്ച കണ്ട് ബാഫഖി തങ്ങള്‍ പുഞ്ചിരിക്കുന്നുണ്ടാവും
#ഇസ്മാഈല്‍ അരിമ്പ്ര
വൈജ്ഞാനികരംഗത്തെ ചിരകാല അഭിലാഷം രൂപം കൊള്ളുന്ന നിമിഷം.സമുദായ നവോത്ഥാനത്തിന്റെ കേരളീയ ആസ്ഥാനത്തിന് നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. കട്ടില വെക്കല്‍ ചടങ്ങിനു ബാഫഖി തങ്ങള്‍ക്ക് ഒരു നിര്‍ബന്ധം മാത്രം. ഇതേ വരേ സുബ്ഹി ഖളാഅ് ആയിട്ടില്ലാത്തവരാരെങ്കിലുമാവണം കട്ടില വെക്കേണ്ടത്. പ്രായം തികഞ്ഞ ശേഷം ഒരു വഖ്തു പോലും ഖളാഅ് ആവാതെ സുബ്ഹി നിസ്‌കരിച്ചവരെ തേടി ചുറ്റിലും നോക്കി തങ്ങള്‍. ആര്‍ക്കും ഉറപ്പ് പറയാനാവാത്ത ആ നിമിഷത്തില്‍ തങ്ങള്‍ തന്നെ മുന്നോട്ടുവന്നു.'ഞാന്‍ അതിന് അര്‍ഹന്‍ തന്നെ'. അന്നു കട്ടില വെച്ചു സംശുദ്ധമായ ആ കരങ്ങളില്‍ ഉറപ്പിച്ചു ചേര്‍ത്തത് കേരള മുസ്ലിം നവോത്ഥാനത്തിന്റെ നാഴിക ക്കല്ലു കൂടിയായിരുന്നു.
ജീവിത വിശുദ്ധിയും സൂക്ഷമതയും അരക്കിട്ടുറപ്പിച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ നിര്‍മിതി. തലമുറയുടെ കൈകളിലേക്ക് അമാനത്തായി ജ്ഞാന കൈമാറ്റവും പ്രബോധന ദൗത്യവും ജാമിഅയിലൂടെ സ്വപ്‌നം കണ്ടു അവര്‍. അഹ്‌ലു സുഫ്ഫയുടെ പൈതൃക ശേഷിപ്പ്്. മദീനയും ബാഗ്ദാദും ഖുര്‍ത്വുബയും പകര്‍ന്നു നല്‍കിയ വിശുദ്ധി. ധൈഷണിക പ്രബോധനത്തിന്റെ മാതൃക നെയ്ത ഇമാം ഗസാലിയുടെയും കേരളീയ പൈതൃകം പകര്‍ന്ന മഖ്ദൂമുമാരുടെയും സരണിയിലൊരു ജാമിഅ. മലബാറിനൊരു ബാഖിയാത്ത് ലക്ഷ്യമിട്ട സാത്വിഖരുടെ ഇഖ്‌ലാസ്വ്. 1962ല്‍ സമസ്ത മുശാവറ അറബിക് കേളേജ് കമ്മറ്റിക്ക് രൂപം നല്‍കിയപ്പോള്‍ ബാഫഖി തങ്ങളായിരുന്നു പ്രഥമപ്രസിഡന്റ്. പള്ളി മിഹാറാബുകളില്‍ ഖിയാമത്ത് വരേയും ഫൈസീ പണ്ഡിതര്‍ ചൊരിയുന്ന പ്രാര്‍ത്ഥനകളില്‍ അനന്തര സ്വത്ത് സ്വപ്‌നം കണ്ടു ബാപ്പു ഹാജി. കോളേജിനു രൂപം നല്‍കുമ്പോള്‍ സമസ്തയുടെ അദ്ധ്യക്ഷനായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്ലിയാര്‍. തന്റെ സമ്പത്ത് മുഴുവന്‍ ദീനീ മാര്‍ഗത്തില്‍ വഖഫ് ചെയ്തു കഴിഞ്ഞിരുന്നു മൗലാനാ. ജാമിഅക്ക്് നല്‍കാന്‍ കയ്യിലൊന്നുമില്ലാത്ത ഘട്ടം. താന്‍ രചിച്ച സിഹാഹു ശൈഖനി എന്ന കൃതിയുടെ ആയിരം കോപ്പി നല്‍കി, വില്‍പനയിലൂടെ കിട്ടുന്ന പണം ജാമിഅക്കു ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചു അബ്ദുല്‍ബാരി.
ജാമിഅക്കു ശില പാകിയതും കെട്ടിടോദ്ഘാടനം ചെയ്തതും കോഴിക്കോട് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍. ആദ്യ അംഗീകാര പത്രം കൈമാറിയത് വെല്ലൂര്‍ ബാഖിയാത്ത പ്രിന്‍സിപ്പല്‍ മൗലാനാ അബൂബക്കര്‍ ഹസ്രത്ത്്. നേതൃ സൗഭാഗ്യമായി പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍,പി.വി.എസ്.മുസ്തഫാ പൂക്കോയ തങ്ങള്‍ തുടങ്ങി സയ്യിദുമാരും നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുള്‍പ്പടെ ഉന്നത ശീര്‍ഷരായ സൂഫീകളും വഴിതെളിയിച്ചതാണീ പാത.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബുബക്കര്‍ മുസ്ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങി പ്രമുഖരുടെ നീണ്ടനിര അറിവ് പകര്‍ന്നകാലം ജാമിഅ നൂരിയ്യയുടെ വികാസത്തിലെ സുവര്‍ണ്ണരേഖയാണ്. സമകാലിക മുസ്ലിം കൈരളിയുടെ പണ്ഡിത നേതൃനിരയുടെ ഉയിര്‍പ്പുഘട്ടം കൂടിയായി ആ വസന്തകാലം. കോട്ടുമല അബൂബക്കര്‍ മുസ്ലിയാരും താഴെക്കോട് കുഞ്ഞലവി മുസ്ലിയാരുമായിരുന്നു ആദ്യ ഉസ്താദുമാര്‍. വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്നും 1970-71 കാലത്താണ് കണ്ണിയത്ത് ഉസ്താദ് ജാമിഅയില്‍ അധ്യാപനത്തിനെത്തിയത്. വര്‍ഷങ്ങളോളം പതിനായിരങ്ങള്‍ സംഗമിച്ച സനദ് ദാന സമ്മേളനങ്ങളെ ആത്മീയ പൂരിതമാക്കി പ്രാര്‍ത്ഥിച്ചു കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, നൂറുകണക്കിന് പണ്ഡിതന്‍മാര്‍ക്ക് ഫൈസീ സനദ് നല്‍കി.
സ്ഥാപക ജനറല്‍ സെക്രട്ടറിയായ ശംസുല്‍ ഉലമ 1963 മുതല്‍ 1977 വരേ പ്രിന്‍സിപ്പലായി. ശംസുല്‍ ഉലമായുടെ അര്‍ത്ഥപൂര്‍ണ്ണമായ പ്രഭാഷണങ്ങള്‍ക്കും യുവപ്രബോധകരോടുള്ള നിര്‍ദേശങ്ങളും മുഴങ്ങിയ സനദ്ദാന സമ്മേളനങ്ങള്‍ ചരിത്രരേഖയാണ്. മൗലാനാ കെ.കെ.അബൂബക്കര്‍ ഹസ്രത്ത്,സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദറൂസി അല്‍ അസ്ഹരി,കെകെ.അബ്ദുല്ല മുസ്ലിയാര്‍,കെ.സി.ജമാലുദ്ദീന്‍ മുസ്ലിയാര്‍, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി പണ്ഡിത മഹത്തുക്കള്‍ അനേകകാലം തണല്‍ വിരിച്ചു.
സമസ്തയുടെ സമുന്നത നേതാക്കളായ സ്വദഖത്തുല്ല മൗലവി,സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍,കെ.വി.മൂഹ്മമദ് മുസ്ലിയാര്‍,സി.എച്ച്.ഹൈദ്രോസ് മുസ്ലിയാര്‍,എം.എം.ബഷീര്‍ മുസ്ലിയാര്‍,കെ.ടി.മാനു മുസ്ലിയാര്‍,വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,അയനിക്കാട് ഇബ്‌റാഹീം മുസ്ലിയാര്‍,ടി.കെ.എം.ബാവ മുസ്ലിയാര്‍,പാറന്നൂര്‍ ഇബ്‌റാഹീം മുസ്ലിയാര്‍, ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍,കോട്ടുമല ബാപ്പു മുസ്ലിയാര്‍, തുടങ്ങി സമസ്ത മുശാവറയിലെ പണ്ഡിത സൂഫീ സാനിധ്യങ്ങളുടെ പ്രാര്‍ത്ഥനകള്‍, പ്രയത്‌നങ്ങള്‍ ജാമിഅക്കു കൂടെയുണ്ടായി.
അറിവും സമ്പന്നതയും സേവനവും മാതൃ സ്ഥാപനത്തിനൊപ്പം ചേര്‍ത്തുവെച്ചു കര്‍മ്മശോഭ തീര്‍ത്തു ജീവിച്ചു മറഞ്ഞു ഹാജി കെ.മമ്മത് ഫൈസി.അനേകം സയ്യിദുമാര്‍, പണ്ഡിതന്‍മാര്‍, സമുദായ നേതാക്കള്‍, ഖാസിമാര്‍, മുദരിസുമാര്‍ ,പ്രഭാഷകര്‍, എഴുത്തുകാര്‍, അന്താരാഷ്ട്ര തലത്തിലെ പ്രബോധന, പഠന മേഖലയില്‍ ചിലവഴിക്കുന്നവര്‍... ഇവരൊക്കെയും ജാമിഅ യുടെ സന്തതികളായിയുണ്ട്.
സാത്വിക വര്യന്‍മാരുടെ കൂടിച്ചേരലുകളും പ്രാര്‍ത്ഥനകളുമായിരുന്നു ജാമിഅ സമ്മേളനങ്ങള്‍.
വരള്‍ച്ചയില്‍ കാമ്പസിലെ കിണറുകളില്‍ വെള്ളംവരണ്ട ഒരു കാലം. കോളേജില്‍ സ്ഥാനം നിര്‍ണ്ണയിച്ചു സ്വന്തം ചെലവില്‍ തന്നെ കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കി കണ്യാല മൗല. ജാമിഅ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുമായിരുന്നു തൃപ്പനച്ചി ഉസ്താദ്. സമീപകാല കേരളം ദര്‍ശിച്ച ആത്മീയലോകത്തെ വെള്ളിപ്രഭ ചെരിഞ്ഞ കണ്യാല മൗലയും അരിമ്പ്ര ഉസ്താദും തൃപ്പനച്ചി ഉസ്താദും സമ്മേളനദിവസം കാമ്പസിലെത്തി.
യാ വദൂദ് ...
നിഷ്‌കളങ്കമായി വിളിച്ചു റഈസുല്‍ മുഹഖി ബീ ന്‍ കരമുയര്‍ത്തി. 'അടിയങ്ങളെ രക്ഷിക്കണേ'യെന്നു നൊന്തു പ്രാര്‍ത്ഥിച്ചു കോയക്കുട്ടി ഉസ്താദ്.ചാപ്പനങ്ങാടി ഉസ്താദും അത്തിപ്പറ്റ ഉസ്താദും പ്രാര്‍ത്ഥന കൊണ്ട് സാന്ത്വനം പകര്‍ന്നു. അറിവും തഖ്‌വയും സമന്വയിച്ച സൂഫികളും പാണ്ഡിത്യ നിറകുടങ്ങളും തലോടലേറ്റ ആത്മസായൂജ്യ ചരിത്രമാണ് ജാമിഅക്കു പറയാനുള്ളത്.
ഈ ചീനി മരച്ചോട്ടില്‍ നിന്നും സമുദായത്തിനു തണലു തീര്‍ക്കാന്‍ 6975 ഫൈസി പണ്ഡിതര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഉമ്മ ഖദീജ ബീവി (റ) യുടെ വിശുദ്ധ വിശ്രമസ്ഥാനമായ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ നിന്നും തൂമന്ദഹാസം തൂകി സന്തോഷിക്കുന്നുണ്ടാവും ഖാഇദുല്‍ ഖൗം ബാഫഖി തങ്ങള്‍. വരക്കല്‍ മഖാമിലും വാഴക്കാട്ടും കാളമ്പാടിയിലുമെല്ലാം സാത്വികരുടെ മസാറുകളില്‍ ഉള്‍പളകമണിയുന്നുണ്ടാവും ഈ ശിഷ്യത്തെ സമ്പത്തിന്റെ കരുത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."