ബൃഹത് പദ്ധതികള്‍ തയാര്‍; നടപടികള്‍ക്ക് ഒച്ചിഴയും വേഗം
നീലേശ്വരം: ജലക്ഷാമത്തില്‍ നട്ടംതിരിയുമ്പോഴും ജില്ലയിലെ വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി രൂപം നല്‍കിയ ബൃഹത് പദ്ധതികളുടെ നടപടി ക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. കാര്യങ്കോട് പുഴ കേന്ദ്രീകരിച്ചാണു ഈ പദ്ധതികള്‍ക്കു ജലവിഭവ വകുപ്പ് രൂപം നല്‍കിയത്.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണു ഒരു പദ്ധതി. ചെറുവത്തൂര്‍, പിലിക്കോട്, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍, കയ്യൂര്‍ ചിമേനി പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനാണു മറ്റൊരു പദ്ധതിക്കു രൂപം നല്‍കിയത്.
ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ട് കേരളജല അതോറിറ്റി തയാറാക്കിയിട്ടുണ്ട്. തുടര്‍ നടപടികളാണ് ഇനി ഉണ്ടാകേണ്ടത്. കൂടാതെ പാലായിയില്‍ നബാര്‍ഡിന്റെ സഹായത്തോടെ 65 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജ് കൂടി യാഥാര്‍ഥ്യമായാല്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലും, വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാന്‍ കഴിയും.
ഇതിന്റെ ടെന്‍ഡര്‍ നടപടികളാണു ഇനി പൂര്‍ത്തിയാകാനുള്ളത്. ഇപ്പോള്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലേയും തീരദേശ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്കു ഉപ്പുവെള്ളം മാത്രമാണ് ആശ്രയം. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ ഇതിനു ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."