സ്‌കൂളുകളെ സഹായിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം
തൊടുപുഴ: പൊതു വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം അനുവദിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം. അതാത് പ്രദേശത്തിന്റെ ആവശ്യകത അനുസരിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സഹകരണ സംഘവും പരമാവധി ഒരുലക്ഷം രൂപ വരെ ചെലവഴിക്കുന്നതിനുള്ള നിര്‍ദേശമാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി.കെ ജയശ്രീ സര്‍ക്കുലറിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹകരണ സംഘങ്ങളില്‍ നിന്ന് തുക അനുവദിക്കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
പൊതുവിദ്യാലയങ്ങളില്‍ ഉടന്‍ തന്നെ ഏര്‍പ്പെടുത്തേണ്ട പ്രാഥമിക സൗകര്യങ്ങള്‍ അതാത് പ്രദേശത്തെ സഹകരണ സംഘങ്ങള്‍ സ്‌കൂള്‍ പി.ടി.എ യുമായി ആലോചിച്ച് നടപ്പിലാക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. കുട്ടികള്‍ക്കാവശ്യമായ കമ്പ്യൂട്ടറുകള്‍, സ്‌പോര്‍ട്‌സ് കിറ്റ്, ലബോറട്ടറി ഉപകരണങ്ങള്‍ കൂടാതെ സ്‌കൂളിലെ അടുക്കള, ഡൈനിങ് ഹാള്‍ എന്നിവിടങ്ങളിലേക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക, ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളിലെ അസൗകര്യങ്ങള്‍ തീര്‍പ്പാക്കുക എന്നിവയാണ് സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ടത്. ഓരോ സഹകരണ സംഘവും അതാത് പ്രദേശത്തെ സ്‌കൂളുകളുടെ ആവശ്യകത കണക്കിലെടുത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് രജിസ്ട്രാറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കേണ്ടത് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മാരാണ്.
നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. തദ്ദേശസ്ഥാപനങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, പി.ടി.എ കള്‍, പ്രവാസികള്‍, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."