'സലഫിസം മതത്തെ കളങ്കപ്പെടുത്തി'
#ഡോ. സ്വലാഹുദ്ധീന്‍ അല്‍ ബദവി/ അബ്ദുസ്സമദ് ടി കരുവാരകുണ്ട്
സുഡാനിലെ സമകാലിക പണ്ഡിതനിരയില്‍ പ്രമുഖനാണ് ഡോ. സ്വലാഹുദ്ദീന്‍ അല്‍ ബദവി. ഖാര്‍ത്തൂമിലെ പ്രസിദ്ധ സര്‍വകലാശാലയായ അംദര്‍മാന്‍ യൂണിവേഴ്‌സിറ്റിയിലെ അഖീദ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പി.എച്ച്.ഡി നേടി അവിടെ തന്നെ പ്രൊഫസറായി സേവനം ചെയ്യുകയാണദ്ദേഹം. ഖാര്‍ത്തൂമിലെ മസ്ജിദുല്‍ ജാമിഇല്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര അധ്യാപകന്‍ കൂടിയായ ഡോ. സ്വലാഹുദ്ദീന്‍ സുഡാനിലെ പ്രസിദ്ധമായ ജംഇയ്യത്തുല്‍ അശ്അരിയ്യയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. അശ്അരി വിശ്വാസ സരണിയുടേയും മാലികി കര്‍മശാസ്ത്രത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹം പാരമ്പര്യ സൂഫീ കുടുംബത്തിലെ അംഗവും മികച്ച പ്രഭാഷകനുമാണ്. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കേരളത്തിലെത്തിയ അദ്ദേഹം പട്ടിക്കാട് ജാമിഅ:യില്‍ സന്ദര്‍ശനത്തിയതായിരുന്നു. കേരളത്തിലെ മുസ്‌ലിം ജീവിത വ്യവഹാരങ്ങളെ കുറിച്ചും സുഡാനിലെ ഇസ്‌ലാമിക ചലനങ്ങളെ പറ്റിയും അദ്ദേഹം സംസാരിക്കുന്നു.
മലബാറിലെ മുസ്‌ലിംകളില്‍ സവിശേഷമായി കണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?
ഇന്ത്യയില്‍ ഞാന്‍ ആദ്യമായി വരികയാണ്. അത് മലബാറില്‍ തന്നെയായതില്‍ ഞാന്‍ വലിയ സന്തുഷ്ഠനാണ്. ഇവിടെ അല്ലാഹുവിന്റെ തൗഫീഖിനാല്‍ ഇസ്‌ലാമികമായി വലിയ ചലനങ്ങളാണ് കാണാന്‍ കഴിയുന്നത്. അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ ഏറ്റെടുക്കാന്‍ ഇവിടെ പൊതുജനങ്ങളും അവരെ മുന്നില്‍ നിന്ന് നയിക്കാന്‍ പാരമ്പര്യ പണ്ഡിതരുമുണ്ട്. ജാമിഅ:യില്‍ നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ് തന്നെ അതിന്റെ വ്യക്തമായ തെളിവാണ്. മതരംഗത്ത് മലബാരികള്‍ വലിയ മാതൃക തന്നെയാണ്.
സുഡാനിലെ മതംരംഗവും മലബാറിലെ രീതികളും താരതമ്യം ചെയ്യാമോ ?
ഭൂമിശാസ്ത്ര സവിശേഷതകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ സ്വാഭാവികമാണ്. അല്ലാഹു രാപ്പകലുകളുടെ കാര്യത്തില്‍ പോലും ഘടനാപരമായ മാറ്റം വരുത്തിയവനാണ്. പിന്നെയല്ലേ ദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസം. മനുഷ്യവര്‍ഗത്തെ തന്നെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയവനാണ് അല്ലാഹു. അതില്‍ വലിയ യുക്തി അല്ലാഹു കണ്ടിട്ടുണ്ട്. മലബാരികള്‍ മഹാഭൂരിപക്ഷവും ശാഫിഈ കര്‍മശാസ്ത്ര താവഴിയില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ സുഡാനില്‍ മാലികി മദ്ഹബുകാര്‍ക്കാണ് ആധിപത്യം. വിശ്വാസപരമായി കേരളത്തിലും സുഡാനിലും അശ്അരികളാണ് കൂടുതലെന്നാണ് എന്റെ നിരീക്ഷണം. അവിടേയും ഇവിടേയും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സുഡാനില്‍ തസ്വവ്വുഫിന് വലിയ പ്രാധാന്യമുള്ള രാജ്യമാണ്. ഇവിടെ ഫിഖ്ഹിനാണ് മുന്‍ഗണന. രണ്ടും പരസ്പരം ബന്ധിതമാണെന്ന് ഓര്‍ക്കണം. മഹാനായ ഇമാം ശാഫി വലിയ സ്വൂഫിയും ഉന്നതാനായ കര്‍മശാസ്ത്ര വിശാരദനുമായിരുന്നു. തസ്വവ്വുഫും ഫിഖ്ഹും ഒരിക്കലും ഏറ്റുമുട്ടുന്നില്ല. രണ്ടും അല്ലാഹുവിനെ സൂക്ഷമായി അടുത്തറിയാനുള്ള മാധ്യമമായി കാണാന്‍ കഴിയണം. മറ്റുള്ള ആരോപണങ്ങളെല്ലാം തീര്‍ത്തും ബാലിശമായി തള്ളിയാല്‍ മതി.
സുഡാനില്‍ മാലികികളാണ് കൂടുതലെന്ന് പറഞ്ഞു. അതിന്റെ ചരിത്ര പശ്ചാത്തലം എന്താണ് ?
സുഡാനിലേക്ക് ഇസ്‌ലാം കടന്നുവരുന്നത് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അബിസ്വര്‍ഹ് എന്ന സ്വഹാബിയിലൂടെയാണ്. മുഅ്ജമുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തില്‍ ഈ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ദാഇകളും സ്വൂഫികളും നിരന്തരം സുഡാനിലെത്തി. കേരളത്തിലേക്കും സ്വഹാബികള്‍ മതപ്രചരണത്തിന് എത്തിയെന്നാണ് ചരിത്രം. എന്നാല്‍ മഖ്ദൂം കുടുംബത്തിന്റെ കടന്നുവരവോടെയാണ് കേരളത്തില്‍ ശാഫിഈ കര്‍മശാസ്ത്രത്തിന് കൂടുതല്‍ പ്രചാരം കിട്ടിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സുഡാനില്‍ മാലികി പ്രചാരകരായത് വദ്ദല്‍ ബദവി, ശൈഖ് അലി അദ്ഹം തുടങ്ങിയ മഹാന്‍മാരിലൂടെയാണ്. അവര്‍ രണ്ടുപേരും പ്രമുഖ ഈജിപ്ഷ്യന്‍ മാലികി പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഖുലൈഷ് എന്നവരില്‍ നിന്ന് കര്‍മശാസ്ത്രം പഠിച്ചവരാണ്.
സുഡാനിലെ മതപഠന രീതിയും സിലബസും ഏതു രീതിയിലാണ് ?
ആദ്യം വീട്ടില്‍ നിന്ന് ഖുര്‍ആന്‍ പഠിപ്പിച്ച് മനപാഠമാക്കുന്ന രീതിയാണവിടെ. പിന്നീട് ഫിഖ്ഹ് പഠിപ്പിക്കും. പിന്നീടാണ് ഉന്നത വിദ്യഭ്യാസ രംഗത്തേക്ക് കുട്ടി കടന്നു വരുന്നത്. പിന്നീട് ഡിഗ്രിയും പി.ജിയും പി.എച്ച്.ഡി വരെ ചെയ്യാന്‍ വിവിധ സര്‍വകലാശാലകള്‍ സൗകര്യം ചെയ്യുന്നു. ഇതെല്ലാം സര്‍ക്കാര്‍ ചെലവിലാണ് അവിടെ നടക്കുന്നത്. ഞാന്‍ പി.എ്ച്.ഡി ചെയ്തത് ഖാര്‍ത്തൂമിലെ അംദര്‍മാന്‍ സര്‍വകലാശാലയില്‍ നിന്നാണ്. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രമായിരുന്നു എന്റെ വിഷയം. അംദര്‍മാന്‍ സര്‍വകലാശാല വലിയ സംവിധാനമാണ്. ദഅ്‌വ, ശരീഅ:, ഉസ്വൂലുദ്ദീന്‍, ഫിഖ്ഹ്, തസ്വവ്വുഫ്, ലുഗത്തുല്‍ അറബി തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നു. ഇവിടെ മതസംഘടനകളാണ് ഇത്തരം സംവിധാനങ്ങള്‍ ചെയ്യുന്നതെങ്കില്‍ സുഡാനില്‍ എല്ലാം നിയന്ത്രിക്കുന്നത് സര്‍ക്കാറാണ്. കാരണം മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് സുഡാന്‍.
സുഡാനിലെ അഹ്‌ലുസ്സുന്നത്തിന്റെ ചലനങ്ങള്‍ എങ്ങനെയാണ് ?
അവിടെ ത്വരീഖത്തുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഖാദിരി, ശാദുലി, തീജാനി ത്വരീഖത്തുകള്‍ക്ക് വലിയ പ്രചാരമുള്ള സുഡാനില്‍ പാരമ്പര്യമായി മാലിക മദ്ഹബുകാരാണെന്ന് ഞാന്‍ പറഞ്ഞല്ലോ. മറ്റു മദ്ഹബുകാരും ന്യൂനപക്ഷമായി അവിടെ ജീവിക്കുന്നു. അതുപോലെ അശ്അരി പാതയാണ് മഹാഭൂരിപക്ഷവും തുടന്നു പോരുന്നത്. വളരെ ചെറു ന്യൂനപക്ഷം സലഫികള്‍ സുഡാനിലുണ്ട്. അവര്‍ പാരമ്പര്യ വിശ്വാസാചാരങ്ങളെ അനാവശ്യമായി ചോദ്യംചെയ്യാനും കളങ്കപ്പെടുത്താനും തുനിഞ്ഞിറങ്ങിയവരാണ്. ജനങ്ങളുടെയും സര്‍ക്കാറിന്റെയും സമാധാനവും സ്വസ്ഥതയും കെടുത്താന്‍ കരാറെടുത്ത മതവിരോധികളാണവര്‍. ഇസ്‌ലാമിന്റെ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശത്രുക്കള്‍ വഹാബികള്‍ തന്നെയാണ്. അവര്‍ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും നിരപരാധികളെ കൊന്നൊടുക്കാനും മടിയില്ലാവരാണ്. തീവ്രമായി കാര്യങ്ങളെ സമീപിച്ച് മതം വികലമാക്കുന്ന വഹാബികള്‍, സമാധാനത്തിലൂടെ മതപ്രബോധനം നടത്തുന്ന സ്വൂഫികളെ ശത്രുക്കളായി കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."