അഗസ്ത്യാര്‍ കൂടം മലയിലേക്കുള്ള യാത്രയ്ക്ക് ഇന്നു തുടക്കം; ആദ്യ സംഘത്തില്‍ സ്ത്രീയും
നെടുമങ്ങാട്: കാനനസൗന്ദര്യം അടുത്തറിഞ്ഞുള്ള അഗസ്ത്യര്‍കൂട യാത്രക്ക് ഇന്ന് തുടക്കം. മാര്‍ച്ച് ഒന്ന് വരെയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഒരു ദിവസം 100 പേര്‍ക്കാണ് സന്ദര്‍ശനാനുമതി. പശ്ചിമഘട്ട മലനിരകളില്‍ 1868 മീറ്റര്‍ പൊക്കമുള്ള കൊടുമുടിയാണ് അഗസ്ത്യകൂടം.
കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് അഗസ്ത്യമുനിയുടെ ശില്‍പ്പവും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ സമാപന ദിവസമായ ശിവരാത്രിക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നതിന് ആദിവാസി മൂപ്പന്‍മാര്‍ മലകയറിയെത്തും. ജൈവവൈവിധ്യ സമ്പന്നത പരിഗണിച്ച് അഗസ്ത്യാര്‍ കൂടത്തെ യുനസ്‌ക്കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പാറ വന്യ ജീവി സങ്കേതത്തിലെ വനംവകുപ്പ് ജീവനക്കാരാണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.
ആദ്യ യാത്രയില്‍ ഒരു സ്ത്രീ
ഇത്തവണ ശബരിമലക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രക്ക് സ്ത്രീകള്‍ കൂടി എത്തും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടത്തിന്റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാംപായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ്ത്യാര്‍കൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ ആദിവാസികളും ചില സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ വിജ്ഞാപനം. 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് കാംപായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു. ബേസ് ക്യാംപില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്.
സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. സന്ദര്‍ശന ദിവസം അടുത്തു വരുന്ന സാഹചര്യത്തില്‍ അഗസ്ത്യാര്‍കൂട മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃത കടന്നുകയറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായി നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ ചെക്ക് പോസ്റ്റുകളും കാട്ടുവഴികളും വനംവകുപ്പിന്റെ നിരീക്ഷണത്തിലാക്കി. കാട്ടുപാതകളില്‍ ഒളികാമറകള്‍ സ്ഥാപിച്ചു. വാര്‍ത്താ വിനിമയസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബോണക്കാട്,പേപ്പാറ, അതിരുമല, നെയ്യാര്‍, കോട്ടൂര്‍ എന്നീ സ്ഥലങ്ങളില്‍ വയര്‍ലെസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."