തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തില്‍ 32 കുളങ്ങള്‍ ഒരുങ്ങുന്നു
ചെറുവത്തൂര്‍: ജലാശയങ്ങള്‍ മണ്ണിട്ട് മൂടുകയും പലതും സംരക്ഷണമില്ലാതെ നശിക്കുകയും ചെയ്യുന്ന കാലത്ത് കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തില്‍ 32 പൊതുകുളങ്ങള്‍ ഒരുങ്ങുന്നു. കൃഷിക്കും കാര്‍ഷിക വൃത്തിക്കും വലിയ കോട്ടമൊന്നും സംഭവിക്കാത്ത ഗ്രാമങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. കവുങ്ങും, പച്ചക്കറികളും, നെല്ലുമെല്ലാം പച്ചപ്പ് നിറയ്ക്കുന്ന കാര്‍ഷിക ഗ്രാമം. വര്‍ഷം ഓരോന്ന് പിന്നിടുമ്പോഴും ഇവിടെ ജലക്ഷാമത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
ഇതിനെ മറികടക്കാനാണ് നേരത്തെയുള്ള പരിശ്രമം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളങ്ങളുടെ നിര്‍മാണം. മറ്റുള്ളവര്‍ക്ക് വെള്ളം ലഭ്യമാക്കും എന്ന നിബന്ധനയോടെ സ്വകാര്യ വ്യക്തികളുടെ പറമ്പിലും കുളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കുളങ്ങളുടെ നിര്‍മാണം ഈ വേനല്‍ക്കാലത്ത് തന്നെ പൂര്‍ത്തിയാകും. വരുന്ന മഴക്കാലത്ത് കുളങ്ങള്‍ ജലസമൃദ്ധമാകും.
ഈ ജലസമൃദ്ധി തുടര്‍ന്നങ്ങോട്ട് കാര്‍ഷിക മേഖലയെ ജലക്ഷാമത്തിന്റെ പ്രതിസന്ധികളില്ലാതെ കാക്കും എന്നതാണ് കണക്കുകൂട്ടല്‍.
പൊതുകുളങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 കുളങ്ങള്‍ പായലുകളും ചെളിയും നീക്കി നേരത്തെ തന്നെ ശുചീകരിച്ചിരുന്നു. വണ്ണാത്തിക്കാനം പോലുള്ള ചില പ്രദേശങ്ങളില്‍ കുടിവെള്ളം കൂടി കണക്കിലെടുത്താണ് കുളങ്ങളുടെ നിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."