ദമ്പതികള്‍ കുത്തേറ്റു മരിച്ച നിലയില്‍
മലപ്പുറം: ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പടിഞ്ഞാറ്റുമുറി പട്ടിയില്പറമ്പില് കൂളിപ്പിലാക്കല്‍ കൃഷ്ണന് (78), ഭാര്യ അമ്മിണി (68) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ പടിഞ്ഞാറ്റുമുറിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മിണി വീടിനകത്തും കൃഷ്ണന് മുറ്റത്തുമാണ് മരിച്ചുകിടന്നിരുന്നത്. കൃഷ്ണന്റെ കൈയില്‍ കത്തിയുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ അടുത്ത വീട്ടില്‍ താമസിക്കുന്ന കൃഷ്ണന്റെ സഹോദരന്റെ മരുമകള്‍ ഷീബയാണ് ഇരുവരും മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്. ഭാര്യയെ കത്തികൊണ്ട് കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം കൃഷ്ണന് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. എടപ്പാള്‍ വാട്ടര്‍ അതോറിറ്റിയിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മകള്‍ അംബികയാണ് ഇവരുടെ കൂടെ താമസിക്കുന്നത്.
മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ പി. ഷിബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസ് പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
സയന്റിഫിക് ഓഫീസര്‍ ത്വയ്ബ കൊട്ടേക്കാടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മക്കള്‍: സദാശിവന്, ശിവാനന്ദന്, സുഹാസിനി, അംബിക, അജിത. മരുമക്കള്‍: സുരേഷ് പുള്ളിലങ്ങാടി, ഗണേശ് രാമപുരം, സ്വപ്ന, ദിവ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."