ചരിത്രം രേഖപ്പെടുത്തിയ രണ്ട് ദിനങ്ങള്‍ക്ക് ശേഷം രാഹുല്‍ മടങ്ങി
#ആഷിര്‍ മതിലകം
ഷാര്‍ജ: ചരിത്രത്തില്‍ ഇടം പിടിച്ച രണ്ട് ദിനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്. ധാരാളം നേതാക്കള്‍ യു.എ.ഇയില്‍ എത്തിയിട്ടും അവര്‍ക്ക് ആര്‍ക്കും ലഭിക്കാത്ത പ്രവാസി ഇന്ത്യക്കാരുടെ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്. ദുബൈ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രവാസികളുടെ ജനസാഗരം തീര്‍ക്കുവാന്‍ കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തിന് കഴിഞ്ഞു.
യു.എ.ഇയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരികോത്സവം എന്ന് സമ്മേളനത്തിന് പേര് നല്‍കിയിരുന്നു. ഇതിന്റെ പല വിഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജനസാഗരം കൊണ്ടും രാഹുലിന്റെ സംസാര ശൈലി കൊണ്ടും സമ്മേളനം ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന മുന്‍നിലപാട് മാറ്റിയതും യു.എ.ഇയില്‍ വച്ചായിരുന്നു.
ഷാര്‍ജയില്‍ ഭരണാധികാരിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി, കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും രാഹുലിനെ സ്വീകരിച്ചു.
ഇന്ത്യയും യു.എ.ഇയും ചരിത്രപരമായി തുടരുന്ന ബന്ധത്തെ കുറിച്ചായിരുന്നു ചര്‍ച്ച. സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ ഷാര്‍ജയുടെ വളര്‍ച്ചയെ രാഹുല്‍ അഭിനന്ദിച്ചു. ശൈഖ് സുല്‍ത്താന്‍ തന്റെ ചരിത്ര പുസ്തകങ്ങള്‍ സമ്മാനിച്ചാണ് രാഹുലിനെ യാത്രയാക്കിയത്. ഷാര്‍ജ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ യു. സെയ്ദ് മുഹമ്മദ്, ഡോ. സാം പിത്രോഡ, ഹിമാന്‍ഷു വ്യാസ് തുടങ്ങിവരും സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു.എ.ഇ സഹിഷ്ണുത കാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ എന്നിവരുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."