ഹര്‍ത്താലിനോട് 'നോ' പറയാനൊരുങ്ങി സര്‍വകലാശാലകള്‍; പരീക്ഷകള്‍ മാറ്റില്ല
തിരുവനന്തപുരം : ഹര്‍ത്താലിനോട് നോ പറയാനൊരുങ്ങി സംസ്ഥാനത്തെ സര്‍വകലാശാലകള്‍. ഹര്‍ത്താല്‍ കാരണം പരീക്ഷകള്‍ മാറ്റുന്ന പതിവ് ഇനി വേണ്ടെന്നാണ് സര്‍വകലാശാലകളുടെ നിലപാട്. സംസ്ഥാനത്ത് തുടര്‍ച്ചയായി വന്ന ഹര്‍ത്താലുകളില്‍ പരീക്ഷകള്‍ മാറ്റിവെച്ച് സഹികെട്ടാണ് ഹര്‍ത്താലിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സര്‍വകലാശാലകള്‍ തത്വത്തില്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം നടന്ന സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. 2019ല്‍ ഹര്‍ത്താലുകള്‍ കാരണം പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്നായിരുന്നു യോഗത്തിലെയും പൊതു അഭിപ്രായം. ഇതിന്റെ കൂടി തുടര്‍ച്ചയായാണ് പുതിയ തീരുമാനം.
ജില്ലാടിസ്ഥാനത്തിലോ പ്രാദേശികതലത്തിലോ ഹര്‍ത്താലുകള്‍ കാരണം പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന് നേരത്തേ തന്നെ കേരള സര്‍വകലാശാലയും എം.ജി സര്‍വകലാശാലയും തീരുമാനമെടുത്തിരുന്നു. ഈ മാസം നാലിന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായപ്പോഴും എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ അതൊരു പുതിയ തുടക്കമിടാമെന്നായിരുന്നു സര്‍വകലാശാലാ അധികൃതരുടെ തീരുമാനം. പിന്നീട് വ്യാപകമായി അക്രമ സംഭവങ്ങളുണ്ടാകുമെന്ന വിലയിരുത്തലില്‍ അവസാന നിമിഷം പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചത്.മറ്റു സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിയെന്ന അറിയിപ്പ് നല്‍കിയതിനു ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമെടുത്തത്.
ഹര്‍ത്താലിന് ഏഴുദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പരീക്ഷാ നടത്തിപ്പിന് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏഴുദിവസം മുന്‍പ് അറിയിപ്പ് ലഭിക്കുന്നതിനാല്‍ അതിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തയാറെടുക്കാനാകുമെന്നാണ് വിലയിരുത്തല്‍.
പരീക്ഷകള്‍ തുടര്‍ച്ചയായി മാറ്റിവെക്കുന്നത് അക്കാദമിക് കലണ്ടറിനെ മുഴുവന്‍ താറുമാറാക്കുമെന്നും ഇത് ഫലപ്രഖ്യാപനം യഥാസമയംനടത്തുന്നതിനു പോലും തടസമാകുമെന്നും അധ്യാപകര്‍ പറയുന്നു.
സര്‍വകലാശാലകളുടെ ഹര്‍ത്താല്‍ വിരുദ്ധ നിലപാടിന് അധ്യാപക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."