സൂപ്പര്‍ ബഗ്ഗുകള്‍ ലോകം കീഴടക്കുമോ?
#ഇര്‍ഫാന പി.കെ
ആന്റിബയോട്ടിക്കുകള്‍
എന്ന മാജിക്
രോഗാണുക്കളെ എളുപ്പത്തില്‍ നശിപ്പിക്കാന്‍ മനുഷ്യന്‍ പ്രയോഗിക്കുന്ന സൂത്രമാണ് ആന്റിബയോട്ടിക്ക്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല. ഇതിനാല്‍ തന്നെ വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കാറില്ല. വെറുംവയറ്റില്‍ കഴിക്കേണ്ടുന്നവയാണ് അസിത്രോമെസിന്‍, ആമ്പിസിലിന്‍, എറിത്രോമെസിന്‍, ടെട്രാസൈക്ലിന്‍ പോലെയുള്ള പല ആന്റിബയോട്ടിക്കുകളും. ഭക്ഷണത്തോടൊപ്പമോ ശേഷമോ കഴിച്ചാല്‍ ഇവയുടെ ആഗിരണം കുറയുമെന്നതാണ് ശാസ്ത്രം.
ആന്റിബയോട്ടിക്കും പ്രശ്‌നങ്ങളും
ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന രോഗി അനേകം പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും സൂപ്പര്‍ ഇന്‍ഫെക്ഷനുകളും സാധാരണമാണ്. പലവിധത്തിലുള്ള മരുന്നുകളോടൊപ്പമുള്ള ആന്റിബയോട്ടിക്കിന്റെ ഉപയോഗം ആ മരുന്നുകളോടുള്ള ആന്റിബയോട്ടിക്കിന്റെ പ്രതിപ്രവര്‍ത്തനത്തിനും കാരണമാകും. നിയന്ത്രണ വിധേയമല്ലാത്ത ആന്റിബയോട്ടിക്ക് ഉപയോഗം മറ്റൊരു രോഗാവസ്ഥയിലേക്ക് രോഗിയെ കൊണ്ടെത്തിക്കും. അമിതമായ ആന്റിബയോട്ടിക്ക് ഉപയോഗം ശരീരത്തിലെ ഗുണകരമായ അണുക്കളെ നശിപ്പിക്കുകയും അതിജീവന ശേഷിയുള്ള രോഗാണുക്കള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യും.
ആന്റിബയോട്ടിക്ക്
പോളിസികള്‍
പല രാജ്യത്തും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പോളിസികള്‍ നിലവിലുണ്ട്. ഇത്തരം പോളിസികളുടെ ബലത്തില്‍ ആന്റിബയോട്ടിക്ക് ഉപയോഗം പരിമിതപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഇതില്‍നിന്നു വിഭിന്നമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പോലും ധാരാളം ആന്റിബയോട്ടിക്കുകള്‍ ഇന്ത്യയിലെ വിപണിയില്‍നിന്നു വാങ്ങാന്‍ സാധിക്കും.
പിടിച്ചു കെട്ടാനാകുമോ
കൃത്യമായ രോഗനിര്‍ണയം, ചികിത്സ, മരുന്നുപയോഗം എന്നിവയ്‌ക്കൊപ്പം സ്വയം ചികിത്സ ഒഴിവാക്കാനുള്ള ശ്രമങ്ങളും സൂപ്പര്‍ ബഗ്ഗുകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ പ്രധാന്യം അര്‍ഹിക്കുന്നു. ജലം, ഭക്ഷണം എന്നിവയിലുള്ള ശുദ്ധീകരണവും പ്രാഥമിക കാര്യങ്ങളിലുള്ള ശുചിത്വം, രോഗാണുബാധയെ തടയുന്ന ജീവിതസാഹചര്യം സൃഷ്ടിക്കല്‍ തുടങ്ങിയവയും സൂപ്പര്‍ ബഗ്ഗുകളെ നിര്‍മാര്‍ജനം ചെയ്യാന്‍ സഹായിക്കും. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ സര്‍വൈലന്‍സ് ഓഫ് ആന്റി മെക്രോബിയല്‍ റസിസ്റ്റന്‍സ്, ഐ.ഐ.എം.എ.ആര്‍ പോലെയുള്ള കൂട്ടായ്മകള്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സിനെതിരേയുള്ള ദേശീയ നയങ്ങളും ഇത്തരം ഉദ്യമങ്ങള്‍ക്ക് കരുത്തു പകരുന്നവയാണ്. രോഗാണുക്കള്‍ അതിജീവനം നേടാത്ത ആരോഗ്യം നമുക്കു സ്വപ്നം കാണാം.
ഡാര്‍വീനിയന്‍
അതിജീവനം
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി കാലക്രമേണ ജീവജാലങ്ങള്‍ക്ക് ലഭ്യമാകുകയും പിന്നീടു വരുന്ന തലമുറകളില്‍ ഇവ പ്രകടമാകുകയും ചെയ്യുമെന്ന ചാള്‍സ് ഡാര്‍വിന്റെ നിരീക്ഷണത്തെ അക്ഷരം പ്രതി ശരിവയ്ക്കുന്നവയാണ് ആധുനിക വൈദ്യശാസ്ത്രത്തിനു നേരിടേണ്ടി വരുന്ന രോഗാണു ഭീഷണി.
പലതവണ കഴിക്കുന്ന
ആന്റിബയോട്ടിക്കുകള്‍
ഒരാള്‍ക്ക് ഒരു തവണ രോഗം വന്നപ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ മറ്റൊരവസരത്തില്‍ അതേ രോഗലക്ഷണം പ്രകടമാകുമ്പോള്‍ കഴിക്കുന്നതും വീട്ടിലെ ഒരാള്‍ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ വേറൊരാള്‍ കഴിക്കുന്നതും അനാരോഗ്യപരമായ പ്രവണതയാണ്. ഇത്തരത്തിലുള്ള സ്വയം ചികിത്സ മൂലം അനേകം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആന്റിബയോട്ടിക്കുകള്‍ ഡോക്ടറോടു ചോദിച്ച് വാങ്ങുന്ന ശീലത്തിനുടമയാണ് പല മലയാളികളും. പല തവണ കഴിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയ പോലുള്ള രോഗാണുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ തവണകള്‍ വര്‍ധിക്കുന്നതിനാല്‍ ആന്റിബയോട്ടിക്കുകളെ രോഗാണുക്കള്‍ അതിജീവിക്കും (ബാക്ടീരിയല്‍ റസിസ്റ്റന്‍സ്). ഇത്തരത്തിലുള്ള അതിജീവനത്തിലൂടെ രോഗാണുക്കള്‍ക്കെതിരേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരും.
സൂപ്പര്‍ ബഗ്ഗുകളുടെ കാലം
ആന്റിബയോട്ടിക്ക് റസിസ്റ്റന്‍സ് ആണ് ഇന്നു വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മരുന്നുകളെ അതിജീവിക്കുന്ന രോഗാണുക്കള്‍ പ്രതിവര്‍ഷം എട്ടു ലക്ഷത്തോളം ജനങ്ങളുടെ ആയുസെടുക്കുന്നുണ്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍ ബഗ്ഗുകള്‍ എന്ന അതിജീവനശേഷിയാര്‍ജ്ജിച്ച ഈ രോഗാണുക്കള്‍ ഇന്ന് നിലവിലുള്ള പല ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഉല്‍പാദനം നടത്തിക്കൊണ്ടിരിക്കുന്ന പല ആന്റിബയോട്ടിക്ക് കമ്പനികളും ഇതിനകം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഫലമോ നിസാരമെന്നു കരുതുന്ന പല രോഗങ്ങളുടേയും ചികിത്സയ്ക്ക് ധാരാളം സമയവും അത്യാധുനിക ചികിത്സകളും ഭീമമായ ചെലവും വന്നേക്കാം. ചിലപ്പോള്‍ നിസാര രോഗങ്ങള്‍ മാരകമായി തീരുകയും രോഗിയുടെ മരണത്തിനു കാരണമാകുകയും ചെയ്യും. ലോകാരോഗ്യ സംഘടന 2011 ല്‍ നടത്തിയ സര്‍വേകളിലൂടെയാണ് സൂപ്പര്‍ ബഗ്ഗുകളെക്കുറിച്ചുള്ള ആശങ്കകള്‍ ആദ്യം പങ്കുവച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ എഴുപത്തൊന്നാം സമ്മേളനത്തില്‍ സൂപ്പര്‍ ബഗ്ഗുകള്‍ക്കെതിരെ പോരാട്ടം നടത്താനാണ് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."