ജിദ്ദയില്‍ പകുതിയലധികം സ്വകാര്യ സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ജിദ്ദ: സൗകര്യമില്ലാത്ത കെട്ടിടങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രാലത്തിന്റെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ജിദ്ദയിലെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളുടെയും ഭാവി ആശങ്കയില്‍. പുതിയ സ്‌കൂള്‍ കെട്ടിടം കണ്ടെത്തുകയോ, നിയമത്തില്‍ ഇളവ് അനുവദിക്കുകയോ ചെയ്തില്ലെങ്കില്‍ പകുതിയിലധികം സ്വകാര്യ സ്‌കൂളുകള്‍ അനിശ്ചിതത്വത്തിലാകും. ഏകദേശം 279 ഓളം സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ വിദ്യാലയങ്ങളില്‍ 106,000 വിദ്യാര്‍ഥികളും 15,000 അധ്യാപക,അനധ്യാപക ജീവനക്കാരുമുള്ളതായി വിദ്യാഭ്യാസ മന്ത്രാലയം, നഗരഗ്രാമ വികസന വിഭാഗം, ചെറുകിട ഇടത്തരം സംരംഭക വിഭാഗം എന്നിവക്ക് സമര്‍പ്പിച്ച പഠന റിപോര്‍ട്ടിനു നേതൃത്വം കൊടുത്ത ദഖീലുല്ല അല്‍ സുറൈസ്‌രി പറഞ്ഞു.
പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ ഈ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും പ്രതിസന്ധികളും കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്് ഇന്‍ഡസ്ട്രിയിലെ പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പഠനം നടത്തിയതെന്ന് അല്‍ സുറൈസ്‌രി പറഞ്ഞു.
മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സ്‌കൂളുകള്‍ നിര്‍മിക്കാനുള്ള ഭൂമി കണ്ടെത്തലും ധനസമാഹരണവുമാണ് സ്‌കൂളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. മെഡിക്കല്‍, വ്യാവസായിക മേഖലയിലുള്ള നിക്ഷേപകരെ പോലെ സ്‌കൂളുകള്‍ നിര്‍മിക്കാനുള്ള ഭൂമി നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാടകക്ക് നല്‍കാന്‍ അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള 1,200 ഇടങ്ങളിലെ ഭൂമി സ്‌കൂള്‍ മേഖലയില്‍ നിക്ഷേപത്തിന് തയ്യാറാവുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് വാടകക്ക് നല്‍കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിദ്ദയില്‍ 416 സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇതില്‍ പകുതിയിലധികവും പാര്‍പ്പിട സമുച്ചയങ്ങളിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ അടച്ചുപൂട്ടുന്നതോടെ 155,000 വിദ്യാര്‍ഥികളുടെയും അധ്യാപകരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 21,000 ഉദ്യോഗസ്ഥരുടെയും ഭാവി അനിശ്ചിതത്വത്തിലാവും.
സ്‌കൂള്‍ കെട്ടിടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അല്ലാത്തവ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറണമെന്നും നേരത്തെ സഊദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."