പണം മുടക്കേണ്ട, വണ്ടി കിട്ടും ലീസിന്; വിപ്ലവം സൃഷ്ടിക്കും ഇനി ഇലക്ട്രിക് ഓട്ടോ
കൊച്ചി: കേരളത്തിന്റെ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇലക്ട്രിക് ഓട്ടോകളെത്തി. ഭാരത് പെട്രോളിയം, കൈനറ്റിക് ഗ്രീന്‍, മദ്രാസ് ഐ.ഐ.ടി എന്നിവയുടെ സംയുക്ത പദ്ധതിയാണ് ഇലക്ട്രിക് ഓട്ടോറിക്ഷ. കൊച്ചിയുള്‍പ്പെടെ രാജ്യത്തെ മൂന്നു നഗരങ്ങളിലാണ് പദ്ധതിക്ക് തുടക്കം. കൊച്ചിക്കു പുറമേ ചെന്നൈയിലും ലക്‌നോയിലുമാണ് ഇലക്ട്രിക് ഓട്ടോകള്‍ ആദ്യഘട്ടത്തില്‍ ഓടിത്തുടങ്ങിയത്.
ണം കൊടുത്ത് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനു പകരം ഡ്രൈവര്‍മാര്‍ക്ക് വാഹനം ലീസിന് നല്‍കുന്ന രീതിയാണ് പദ്ധതിയുടെ പ്രത്യേകത. ലീസ് എഗ്രിമെന്റ് വഴി ഡ്രൈവര്‍ക്ക് ഓട്ടോ കൈമാറുമ്പോള്‍ അറ്റകുറ്റപണി, ബാറ്ററി കാര്യങ്ങളെല്ലാം ബി.പി.സി.എല്‍ നോക്കിക്കൊള്ളും. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ഏതാണ്ട് 350-400 രൂപ പ്രതിദിന വാടക ഡ്രൈവര്‍ ബി.പി.സി.എല്ലിനെ ഏല്‍പിക്കണമെന്നതാണ് വ്യവസ്ഥ.
രണ്ടു ലിഥിയം ഇയോണ്‍ ബാറ്ററികള്‍ സീറ്റിനടിയില്‍ ഉറപ്പിച്ചിട്ടുള്ള ഈ ഓട്ടോകള്‍ ലാഭകരവും ശബ്ദ, വായു മലിനീകരണങ്ങളേതുമില്ലാത്തതുമാണെന്നതാണ് പ്രത്യേകത. കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ച് ബാറ്ററി ഓപ്പറേറ്റഡ് വെഹിക്കിള്‍ എന്ന ആശയം രാജ്യത്ത് ആദ്യം അവതരിപ്പിച്ച കൈനറ്റിക് ഗ്രൂപ്പ്, മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതിക മികവിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ശാഖകളിലൂടെയാണ് ബാറ്ററികള്‍ ലഭ്യമാക്കുന്നത്.
പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് മൂന്നു നഗരങ്ങളില്‍ തുടങ്ങിയിരിക്കുന്നതെങ്കിലും ഇതു വ്യാപകമാവുന്നതോടെ വന്‍ കുതിച്ചുചാട്ടത്തിനാകും നമ്മുടെ നഗരങ്ങള്‍ സാക്ഷ്യം വഹിക്കുക. ഈ ഓട്ടോയ്ക്ക് കിലോമീറ്ററിന് 50 പൈസയാണ് ചെലവ് വരുക. അതുകൊണ്ടുതന്നെ വളരെ ലാഭകരമായി നടത്തിക്കൊണ്ടുപോകാനാവും. സ്വാപ് റാപ് എന്ന ആപ്ലിക്കേഷന്‍ വഴി ബാറ്ററിയുടെ ചാര്‍ജ്, ഓട്ടോ നിലവില്‍ എവിടെയാണുള്ളത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാവുന്ന സാങ്കേതിക വിദ്യയുമുണ്ട്.
കൊച്ചിയില്‍ പാലാരിവട്ടത്ത് മൂക്കന്‍ ദേവസി പെട്രോള്‍പമ്പില്‍ നടന്ന ചടങ്ങില്‍ ചെന്നൈയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ബി.പി.സി.എല്‍ എം.ഡി ഡി.രാജ്കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ഐ.ടി മദ്രാസിലെ പ്രൊഫ. ജുജുന്‍വാല, കൈനറ്റിക് ഗ്രീന്‍ എം.ഡി സുലജ ഫിരോദ തുടങ്ങിയവരും വിവരങ്ങള്‍ പങ്കുവച്ചു. താമസിയാതെ നാഗ്പൂര്‍ മെട്രോയുമായി ബന്ധപ്പെട്ടും തുടര്‍ന്ന് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഓട്ടോകള്‍ ഓടിത്തുടങ്ങുമെന്ന് രാജ്കുമാറും സുലജയും അറിയിച്ചു.
കൊച്ചിയില്‍
മെട്രോ ഫീഡര്‍
കൊച്ചിയില്‍ നിലവില്‍ മുന്നു കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ഓട്ടോ സര്‍വിസ് തുടങ്ങിയത്. കൊച്ചി മെട്രോ ട്രെയിനിലേക്ക് ഫീഡര്‍ സര്‍വിസ് ആയാണ് ആരംഭിക്കുന്നത്. മെട്രോ സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ക്കാണ് ഓട്ടോ കൈമാറുക.
ഡ്രൈവര്‍ക്ക് ബാറ്ററി ഫിറ്റ് ചെയ്ത് ഓട്ടോ കൈമാറും. ബാറ്ററി ചാര്‍ജു തീരുന്ന മുറയ്ക്ക് ഏറ്റവും അടുത്ത റീചാര്‍ജ് കേന്ദ്രത്തിലെത്തി പെട്രോള്‍ അടിക്കുന്നതുപോലെ പുതിയ ബാറ്ററി ഫിറ്റ് ചെയ്ത് യാത്ര തുടരാനാവും. ഗതാഗത മന്ത്രാലയത്തില്‍ അനുമതി വാങ്ങിയിട്ടുള്ളതിനാല്‍ നിയമവിധേയമായാണ് പ്രവര്‍ത്തനമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ കൊച്ചിയില്‍ എം.ജി റോഡ് മെട്രോ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് 20 ഓട്ടോകള്‍ സര്‍വിസ് നടത്തുന്നു. മാര്‍ച്ചോടെ ഇതിന്റെ എണ്ണം 100 കടക്കും.
ലിഥിയം ബാറ്ററി
രണ്ടു ബാറ്ററികളുമായി ഓട്ടോയ്ക്ക് 50 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയും.
മെട്രോ ഫീഡറായതിനാല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ സര്‍വിസുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതിനാലാണ് മെട്രോ സ്‌റ്റേഷനുകളുടെ സമീപത്തുതന്നെ ഇലക്ട്രിക് ഓട്ടോ കേന്ദ്രങ്ങളും റീചാര്‍ജ് സെന്ററുകളും ആരംഭിച്ചിരിക്കുന്നതെന്ന് ബി.പി.സി.എല്‍ സെയില്‍സ് ഓഫിസര്‍ സുധീന്ദ്രന്‍ പറഞ്ഞു. ബാറ്ററികള്‍ക്ക് 1500 ആംപിയറാണുള്ളത്. ഇവ ഒന്നര കിലോവാട്ട് ഊര്‍ജം നല്‍കും.
ചാര്‍ജിങ് കേന്ദ്രങ്ങള്‍
കൊച്ചിയില്‍ പാലാരിവട്ടം, ഇടപ്പള്ളി, ഇളംകുളം എന്നിവിടങ്ങളിലാണ് ഭാരത് പെട്രോള്‍ പമ്പുകളോടനുബന്ധിച്ച് റീപ്ലേസ്‌മെന്റ് കേന്ദ്രങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളത്. കളമശേരിയിലാണ് ബാറ്ററികള്‍ എല്ലാം റീ ചാര്‍ജ് ചെയ്യുന്നത്. രണ്ടു മണിക്കൂറില്‍ 100 ബാറ്ററികള്‍ വരെ ഇവിടെ ചാര്‍ജ് ചെയ്യാനാവുമെന്ന് കൈനറ്റിക് ഗ്രീന്‍ റീജ്യനല്‍ മാനേജര്‍ മിഥുന്‍ ദാസ് പറഞ്ഞു. ചാര്‍ജ് ചെയ്ത ബാറ്ററികള്‍ മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ സ്റ്റോര്‍ ചെയ്യും. ആവശ്യാനുസരണം ഇവിടങ്ങളില്‍ ബാറ്ററികള്‍ എത്തിക്കും. ഭാവിയില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."