ഹര്‍ത്താല്‍ നടത്താം, അടിച്ചുതകര്‍ക്കരുത്
#കെ.എം സലിം പത്തനാപുരം
9947857560
ഭരണകൂടങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും ജനവിരുദ്ധ നയങ്ങളും ജനദ്രോഹ നടപടികളും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഭരണകര്‍ത്താക്കള്‍ക്കും അവരുടെ ചെയ്തികള്‍ക്കുമെതിരായി പ്രതിഷേധം രേഖപ്പെടുത്താന്‍ ഭരണഘടനാപരമായി അനുവാദം നല്‍കിയ രാജ്യമാണ് ഇന്ത്യ. അതോടൊപ്പം മറ്റുള്ളവരുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ പൂര്‍ണമായും വിലക്കുന്നതുമാണ് രാജ്യത്തിന്റെ ഭരണഘടന.
രാജ്യം സ്വതന്ത്രമാവുന്നതിനു മുന്‍പുതന്നെ ഭരണകര്‍ത്താക്കളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരായി വ്യത്യസ്ത രീതികളിലുള്ള ഒട്ടനേകം സമരങ്ങള്‍ നടന്നതായിട്ടാണ് ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടിഷ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരായി ഉയര്‍ന്നുവന്ന ഏറ്റവും ശ്രദ്ധേയമായ സമരങ്ങളിലൊന്നായാണ് ഉപ്പുസത്യഗ്രഹം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പുനിര്‍മാണത്തിനു നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് 1930 മാര്‍ച്ച് 12ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുകയും ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുകയും ചെയ്ത തികച്ചും അക്രമരഹിതമായ സമരമായിരുന്നു ഇത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന പ്രഥമ പ്രഖ്യാപിത സമരവും ഉപ്പുസത്യഗ്രഹമായിരുന്നു.
സത്യഗ്രഹ സമരമാര്‍ഗം കണ്ടെത്തിയ ഗാന്ധിജി തന്നെയാണ് വ്യവഹാര മേഖലയില്‍ നിന്ന് സ്വയം വിട്ടുനിന്നുകൊണ്ടുള്ള ഹര്‍ത്താല്‍ എന്ന സമര രീതിയും ജനങ്ങള്‍ക്കു പരിചയപ്പെടുത്തിയത്. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി സ്വീകരിച്ച സമരമാര്‍ഗങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാഷ്ട്രീയപ്പാര്‍ട്ടികളും തൊഴിലാളി സംഘടനകളും മറ്റു വര്‍ഗ ബഹുജന സംഘടനകളുമെല്ലാം പിന്തുടര്‍ന്നു. മുന്‍കാലങ്ങളിലെല്ലാം അത്തരം സമര രീതികള്‍ ഭരണകൂടങ്ങളുടെ അനുകൂല ഇടപെടലുകള്‍ക്ക് അവസരമൊരുക്കിയിരുന്നെങ്കിലും പിന്നീട് പലപ്പോഴും അത്തരം സമരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മഹാത്മാഗാന്ധിയുടെ ഉപദേശനിര്‍ദേശങ്ങള്‍ പരിഗണിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാതൃകകള്‍ ഉള്‍ക്കൊണ്ടും തയാറാക്കിയ പാര്‍ട്ടിയുടെ ഭരണഘടനയില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയാണ് ജനാധിപത്യ ഇന്ത്യയില്‍ ഗാന്ധിമാര്‍ഗത്തിലുള്ള സഹനസമരങ്ങളെ അപ്രസക്തമാക്കിയത് എന്നതിന്റെ മികച്ച തെളിവായിട്ടെടുക്കാവുന്ന പലതില്‍ ഒന്നു മാത്രമാണ് ഇറോം ശര്‍മ്മിള എന്ന മണിപ്പൂരി വനിതയുടെ നിരാഹാര സമരം.
ഇറോം ശര്‍മിള 2004 നവംബര്‍ നാലിന് 28ാം വയസിലാണ് പട്ടാളക്കാര്‍ക്കു ജനങ്ങളെ കൊല്ലാനുള്ള അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (എ.എഫ്.എസ്.പി.എ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിനു തുടക്കം കുറിച്ചത്. എന്നാല്‍ ഈ സമരത്തെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടുകളാണ് ഗാന്ധിശിഷ്യരെന്നു പറയുന്ന കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുപോലും ഉണ്ടായത്.
ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ജനവിരുദ്ധ പദ്ധതികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതിനും നിരാഹാര സമരം അനുഷ്ഠിച്ചവര്‍ നിരവധിയാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സമരങ്ങള്‍കൊണ്ട് പൊറുതി മുട്ടിയ നാടായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. കേരളീയരുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും തന്മൂലമുണ്ടായ അവകാശബോധവും തന്നെയാണ് അവകാശ നിഷേധങ്ങള്‍ക്കെതിരായ സമരപോരാട്ടങ്ങളുടെ ഈറ്റില്ലമായി കേരളം മാറാന്‍ കാരണമായത്. സമരങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നവരും മാനസിക പിന്തുണ നല്‍കുന്നവരുമായ ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ സമരാനന്തര ഫലങ്ങളുടെ പങ്കുപറ്റിക്കൊണ്ട് സമര വിരോധികളായി മാറിനില്‍ക്കുന്ന അല്‍പം ചിലരും കേരളത്തിലുണ്ട്.
കേരളം സമരങ്ങളുടെ നാടാണ് എന്ന് പരിഹസിക്കാറുള്ള ആധുനിക മലയാളികള്‍ പോലും തങ്ങളുടെ നാട്ടില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും പൊതു വിദ്യാലയങ്ങളും ഗതാഗത സൗകര്യങ്ങളും തൊഴില്‍ സുരക്ഷയും ഉയര്‍ന്നവേതനവും ലഭിക്കുന്നതിനും ഭരണഘടനാപരമായ നിയമ പരിരക്ഷകളും മൗലികാവകാശങ്ങളും അനുഭവിക്കുന്നതിനും ഹേതുവായത് തങ്ങളുടെ മുന്‍ഗാമികള്‍ ഉള്‍പെടെയുള്ളവരുടെ സമരങ്ങളുടെ അനന്തരഫലമാണെന്ന് പറയുന്നവരാണെന്നത് ഏറെ കൗതുകകരമാണ്.
കേരളത്തിലെ പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തവും മൗലികാവകാശ ലംഘനവുമായി മാറിയതിനു യഥാര്‍ഥ കാരണം നാളിതുവരെയുള്ള സര്‍ക്കാരുകള്‍ തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ഗാന്ധിയന്‍ സമരമുറകളോടു പുറംതിരിഞ്ഞു നില്‍ക്കുകയും അക്രമാസക്ത സമരങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുകയും ചെയ്തുകൊണ്ടിരുന്നതാണെന്ന് ഏറെ പഠനങ്ങളൊന്നും കൂടാതെ തന്നെ ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുതകളാണ്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങളെല്ലാം അവസാനിക്കാറുള്ളത് പൊതുഖജനാവിന് ഭീമമായ നഷ്ടങ്ങള്‍ വരുത്തിവച്ചും പൊതുമുതലുകള്‍ വ്യാപകമായി നശിപ്പിച്ചുമാണ്. അക്കാരണത്താല്‍ തന്നെ കേരളീയരുടെ പൊതുവികാരം എല്ലാ തരത്തിലുമുള്ള സമരങ്ങളും തള്ളിക്കളയേണ്ടതാണ് എന്ന നിലയിലേക്കാണ് ചെന്നെത്തിയിട്ടുള്ളത്.
കേരളത്തിലെ സമരങ്ങള്‍, അത് പണിമുടക്കോ ധര്‍ണയോ ഹര്‍ത്താലോ ഏതായിരുന്നാലും ശരി അതെല്ലാം വിജയിപ്പിക്കാനിറങ്ങുന്നവര്‍ അടിച്ചുതകര്‍ക്കുകയും അടച്ചുപൂട്ടിക്കുകയും ചെയ്യുന്നത് തങ്ങളുടെ മുന്‍ഗാമികളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഭാഗമായി സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളിലായി കനിഞ്ഞു നല്‍കിയ ഓഫിസുകളും പൊതുജനാരോഗ്യ കേന്ദ്രങ്ങളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാമാണെന്ന ബോധം അവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. സരമത്തിന്റെ ഭാഗമായി തകര്‍ക്കപ്പെടുന്ന പൊതുമുതല്‍ പൂര്‍വസ്ഥിതിയിലാക്കാനെടുക്കുന്ന കാലതാമസവും സാമ്പത്തിക ബാധ്യതയും തങ്ങള്‍ ഉള്‍പെടെയുള്ള സാധാരണക്കാരെയാണ് കൂടുതല്‍ പ്രയാസത്തിലാക്കുക എന്നും തിരിച്ചറിയാന്‍ വൈകരുത്.
വര്‍ത്തമാനകാലത്ത് മറ്റു സമരമുറകളെല്ലാം പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ മാത്രം പ്രയോഗിക്കേണ്ട സമരമാര്‍ഗമാണ് മഹാത്മാഗാന്ധി പരിചയപ്പെടുത്തിയ തികച്ചും അക്രമരഹിതമായ ഹര്‍ത്താല്‍. വരുംകാലങ്ങളില്‍ കേരളത്തിലെ മുന്നണികളും പാര്‍ട്ടികളും മറ്റു പ്രസ്ഥാനങ്ങളും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീതിനിഷേധങ്ങള്‍ക്കെതിരായോ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ അത്തരത്തിലൊരു സമരമുറ സ്വീകരിക്കാന്‍ തീരുമാനിക്കുന്ന പക്ഷം ഗാന്ധിജി പറഞ്ഞതു പോലെ വ്യവഹാരങ്ങളില്‍ നിന്ന് സ്വയം മാറി നിന്നും സ്ഥാപനങ്ങള്‍ സ്വയം അടച്ചുപൂട്ടിയും സമരാവശ്യങ്ങളോട് യോജിക്കുന്നവര്‍ക്ക് യോജിക്കാനും എതിര്‍പ്പുള്ളവര്‍ക്ക് വിയോജിക്കുന്നതിനും അവസരമുണ്ടാക്കണം. അതോടൊപ്പം തങ്ങളുടെ മുന്‍ഗാമികള്‍ സഹനസമരത്തിലൂടെ നേടിയെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പെടെയുള്ളവയൊന്നും തകര്‍ക്കപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുമാണ്. അല്ലാത്തപക്ഷം വരുംകാലങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധ സമരങ്ങളെ തള്ളിപ്പറയുകയും സഹകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതു ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യത്തിനു സൗകര്യമൊരുക്കുകയും ചെയ്യും.
ഉപ്പു സത്യഗ്രഹം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുന്‍പുതന്നെ ഗാന്ധിയെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളൂ. ഉപ്പു സത്യഗ്രഹം ഏതാണ്ട് ഒരു വര്‍ഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലില്‍ നിന്നു വിട്ടയക്കുന്നതു വരെ ഉപ്പു സത്യഗ്രഹം തുടര്‍ന്നു. ഉപ്പു സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകള്‍ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.
ബ്രിട്ടനെതിരേയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യഗ്രഹം. ഉപ്പിനും നികുതി ചുമത്തിയപ്പോള്‍, ഗാന്ധിജിയാണ് ഉപ്പു സത്യഗ്രഹം എന്ന പുതിയ സമരമാര്‍ഗം കണ്ടെത്തുന്നത്. 1930കളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമരരീതി ഉടച്ചുവാര്‍ക്കാന്‍ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882ലെ ബ്രിട്ടിഷ് സാള്‍ട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത്.
ബന്ദ് വിജയിപ്പിക്കുവാന്‍ പലപ്പോഴും ശക്തിയും സമ്മര്‍ദവും ഉപയോഗിക്കാറുണ്ട് . തന്മൂലം ജനപിന്തുണയുടെ സൂചകമായി ബന്ദിനെ കണക്കാക്കാനാവില്ല. പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഏര്‍പ്പാടാണിത്. ഈ വസ്തുതകള്‍ പരിഗണിച്ച് കേരളത്തില്‍ ജസ്റ്റിസുമാരായ കെ.ജി ബാലകൃഷ്ണന്‍, പി.കെ ബാലസുബ്രഹ്മണ്യന്‍, ജെ.ബി കോശി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച്, ബന്ദ് നടത്താന്‍ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധം ആക്കിക്കൊണ്ട് 1997ല്‍ വിധി പ്രസ്താവിച്ചു.
ഹര്‍ത്താല്‍: പ്രതിഷേധമായോ, ദുഃഖസൂചകമായോ കടകളും, വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ഥത്തില്‍ ഹര്‍ത്താല്‍ എന്ന് പറയുന്നത്. ബന്ദ് പോലെ നിര്‍ബന്ധപൂര്‍വ്വമായ ഒരു സമര പരിപാടിയാണ് ഹര്‍ത്താലും. ജനങ്ങള്‍ അതില്‍ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹര്‍ത്താലില്‍ സഹകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അതിനാല്‍ ഹര്‍ത്താല്‍ ഭരണഘടനാപരമാണ് എന്ന സുപ്രിംകോടതി വിധിക്കു സാങ്കേതികമായ നിലനില്‍പ്പുമാത്രമേയുള്ളൂ. ഇന്ന് ഓരോ രാഷ്ട്രീയപാര്‍ട്ടികളും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. 'സേ നോ ടു ഹര്‍ത്താല്‍' പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹര്‍ത്താലിനെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാര്‍ക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങള്‍ ചെയ്യുന്നത്.
ബന്ദ് നിരോധിച്ചപ്പോള്‍ ജനം അതിയായി ആശ്വസിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. ബന്ദിനെ പഴയ കുപ്പിയില്‍ നിന്നെടുത്ത് പുതിയ കുപ്പിയിലാക്കി ഹര്‍ത്താലെന്ന മാറ്റം വരുത്തി.
ബന്ദുണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ നടത്തിയാല്‍ സ്വന്തമായി വാഹനമുള്ള വ്യക്തികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. ആംബുലന്‍സ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ തുടങ്ങി അത്യാവശ്യം വാഹനങ്ങള്‍ അന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഓടുമായിരുന്നു. ബന്ദ് നിരോധിച്ച് ഹര്‍ത്താല്‍ വന്നപ്പോള്‍ ബന്ദിനെക്കാള്‍ തീവ്രത ഹര്‍ത്താലിനു വന്നു. അല്ലെങ്കില്‍ വരുത്തി. ഇതിനെക്കാള്‍ ഭേദം ബന്ദു തന്നെയായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയാണ് ഹര്‍ത്താല്‍ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ എല്ലാ വ്യാപാര വ്യവഹാരങ്ങളില്‍ നിന്നും ഒരു ദിവസം വിട്ടുനിന്ന് പ്രാര്‍ഥനയും വ്രതവും സ്വീകരിച്ചു ഹര്‍ത്താലില്‍ പങ്കെടുത്തു. എങ്കിലും പ്രാര്‍ഥനയും നിരാഹാരവും ഹര്‍ത്താലിന്റെ ഭാഗമാവണമെന്നില്ല. 'തൊഴില്‍ ആരാധനയായിരിക്കണം' എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്. ഹര്‍ത്താല്‍ എന്നത് ഗുജറാത്തി പദമാണ് ഹര്‍ എന്നാല്‍ എല്ലാം അഥവാ എല്ലായ്‌പ്പോഴും എന്നും താല്‍ എന്നാല്‍ പൂട്ട് എന്നുമാണര്‍ഥം. അതായത് എല്ലാം അടച്ചിടുകയെന്നോ എല്ലായ്‌പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹര്‍ത്താലിന്റെ അര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."