ആഷിഖിന്റെ തിളക്കത്തില്‍ ബിനോയ് ഹാപ്പിയാണ്
കോഴിക്കോട്: അങ്ങകലെ യു.എ.ഇയിലെ പച്ചപുല്‍ത്തകിടിയില്‍ കാറ്റുനിറച്ച തുകല്‍ പന്തിനു പിന്നാലെ നൃത്തച്ചുവടുകളുമായി 13-ാം നമ്പര്‍ നീലജഴ്‌സിയില്‍ ആഷിഖ് കുരുണിയന്‍ പായുമ്പോള്‍ മലപ്പുറത്തൊരു പരിശീലകന്‍ ആനന്ദത്തിലാണ്. എം.എസ്.പിയുടെ ആലയില്‍നിന്ന് പിറവിയെടുത്ത താരത്തിന്റെ പ്രകടനത്തിന് ഫുട്‌ബോള്‍ ആരാധകര്‍ മനം നിറഞ്ഞു കൈയടിക്കുമ്പോള്‍ ബിനോയ് സി. ജെയിംസ് എന്ന പരിശീലകന് കൂടി അവകാശപ്പെട്ടതാണ് ആ കൈയടികള്‍. മലപ്പുറം എം.എസ്.പി ഫുട്‌ബോള്‍ ക്യാംപില്‍നിന്ന് ബിനോയ് സി. ജയിംസ് ഊതിക്കാച്ചിയെടുത്ത മുത്താണ് ഇന്ന് ഇന്ത്യന്‍ കുപ്പായത്തില്‍ ഏഷ്യന്‍ കപ്പില്‍ വെട്ടിത്തിളങ്ങുന്നത്.
ആദ്യ ഫുട്‌ബോള്‍ കളരിയായ എം.എസ്.പിയിലെ ബിനോയിയുടെ ആലയിലാണ് ആഷിഖ് എന്ന തങ്കത്തെ ഊതിക്കാച്ചിയെടുത്തത്. 2012 ല്‍ എം.എസ്.പിയില്‍നിന്ന് പൂനെ സിറ്റിയിലേക്ക് ചുവടുമാറ്റുന്നത് വരെ ആഷിഖ് ബിനോയിയുടെ കീഴിലായിരുന്നു പരിശീലനം. എം.എസ്.പിയില്‍നിന്ന് തുടക്കമിട്ടു പൂനെ വഴി ആശിഖ് ഇന്ത്യന്‍ ക്യാംപില്‍ എത്തുകയും ചെയ്തു. സുബ്രതോ കപ്പില്‍ ഉക്രൈനില്‍ നടന്ന മത്സരത്തില്‍ എം.എസ്.പിക്കായി ആഷിഖ് ബൂട്ടുകെട്ടിയിരുന്നു.
ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള താരമാണ് ആഷിഖ്. അതുകൊണ്ടാണ് വളരെ പെട്ടെന്ന് ഇത്രയും ഉയരത്തിലെത്താന്‍ സാധിച്ചതെന്നും ബിനോയ് സുപ്രഭാതത്തോട് പറഞ്ഞു. പരിശീലന സമയത്തും മത്സരത്തിലും നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്ന വിദ്യാര്‍ഥിയായിരുന്നു ആഷിഖ്.
ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ആഷിഖിന് സാധിക്കട്ടെയെന്നും ബിനോയ് പറഞ്ഞു. 1984 ല്‍ യുത്ത് ഇന്ത്യക്കായി ബൂട്ടുകെട്ടിയ ബിനോയ് 1984, 85 വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ സൗത്ത് ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടിച്ചു. 2002 മുതല്‍ എം.എസ്.പിയില്‍ പരിശീലകന്റെ റോളിലുള്ള ബിനോയിയുടെ ശിക്ഷണത്തില്‍ നിരവധി കുട്ടികളാണ് ദേശീയ, രാജ്യാന്തര രംഗത്തേക്ക് വളര്‍ന്നത്. ഗോകുലം എഫ്.സി താരങ്ങളായ അര്‍ജുന്‍ ജയരാജ്, ഗനി അഹ്മദ്, സല്‍മാന്‍ എന്നീ താരങ്ങളും ബിനോയിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."