ലൗജിഹാദില്‍ കേന്ദ്ര റിപ്പോര്‍ട്ട് : സിറോ മലബാര്‍സഭയും സംഘ്പരിവാര്‍ സംഘനകളും വെട്ടിലാകുന്നു
കൊച്ചി: കേരളത്തില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സീറോ മലബാര്‍സഭ വെള്ളമൊഴിക്കുന്നത് സംഘ് പരിവാറിനുവേണ്ടിയെന്ന് ആക്ഷേപമുയരുന്നു. ലോക്‌സഭയില്‍ ബെന്നി ബെഹ്‌നാന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് വിശദീകരണം നല്‍കിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിയമത്തില്‍ ലൗജിഹാദിന് വ്യാഖ്യാനങ്ങളില്ലെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി വിശദീകരിച്ചതോടെ ലൗജിഹാദിന്റെ പേരില്‍ മുറവിളി കൂട്ടുന്ന സിറോ മലബാര്‍സഭയും സംഘ്പരിവാര്‍ സംഘനകളും വെട്ടിലായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 18നാണ് സംസ്ഥാനത്ത് ലൗജിഹാദുണ്ടെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ രംഗത്ത് വന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലിസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തിയിരുന്നു. ലൗജിഹാദിനെതിരേ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്താനും സിനഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ സിനഡിന്റെ നിലപാടിനെതിരേ എറണാകുളം അങ്കമാലി അതിരൂപതകള്‍ രംഗത്തെത്തിയതോടെ വിഷയം വിവാദമാകുകയായിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ സിനഡിന്റെ നിലപാടിനെ വിമര്‍ശിച്ച് വന്ന ലേഖനവും ഏറെ ചര്‍ച്ചചെയ്തിരുന്നു.
ലൗജിഹാദ് കേരളത്തില്‍ ഇല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തി ഹൈക്കോടതിയെ അറിയിച്ചതാണ്. എന്നാല്‍ ഹാദിയ കേസിനോടനുബന്ധിച്ച് ലൗ ജിഹാദ് വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു. കേന്ദ്ര എജന്‍സിയായ എന്‍.ഐ.എ 2018 ഒക്ടോബറില്‍ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ചതും കേരളത്തില്‍ ലൗജിഹാദില്ലെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടായിരുന്നു. ഇത്തരത്തിലുള്ള 11 കേസുകള്‍ പരിശോധിച്ചതില്‍ ഒന്നിലും ലൗജിഹാദ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എന്‍.ഐ.എ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിന്റെ മറവില്‍, അന്യമതത്തില്‍പെട്ടവര്‍ക്കൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിക്കുന്ന ഹിന്ദുമതത്തില്‍പെട്ട യുവതീയുവാക്കളെ തിരിച്ചു കൊണ്ടുവരുന്നതിന് മര്‍ദന മുറകള്‍ നടത്തുന്നത് പുറത്തായതോടെയാണ് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയായത്. പിന്നീടിങ്ങോട്ട് ഇത് സംഘ്പരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ ലൗജിഹാദുണ്ടെന്നും പൊലിസ് അത് കണ്ടെത്തുന്നില്ലെന്നുമായിരുന്നു അവരുടെ ആരോപണം. എന്നാല്‍ ലോക്‌സഭയില്‍ തന്നെ ബി.ജെപി സര്‍ക്കാര്‍ ലൗജിഹാദ് ഇല്ലെന്ന് മറുപടി നല്‍കിയതോടെ ഇവരും വെട്ടിലായിരിക്കുകയാണ്. പ്രഖ്യാപനം നടത്തിയ സഹമന്ത്രിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ കടുത്ത പ്രതിഷേധവും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."