കൊറോണ: കുറ്റ്യാടിയില്‍ 26പേര്‍ നിരീക്ഷണത്തില്‍, രോഗം സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യ വകുപ്പ്
കുറ്റ്യാടി: കുറ്റ്യാടി ഹെല്‍ത്ത് ബ്ലോക്കില്‍ 26പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസങ്ങളിലായി ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളും തൂണേരി ബ്ലോക്കിലെ രണ്ടു പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കുറ്റ്യാടി ഹെല്‍ത്ത് ബ്ലോക്ക്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഏത് പഞ്ചായത്തുകളിലാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭീതി വേണ്ടെന്നും കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ: പി.കെ ഷാജഹാന്‍ അറിയിച്ചു.
അതേ സമയം ഗവ: താലൂക്ക് ആശുപത്രിയില്‍ കോറോണ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ വാട്‌സ്ആപ് വഴി പ്രചരിക്കുന്ന വാര്‍ത്ത വ്യാജാമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നു തിരിച്ചുവരുന്നവരെ മറ്റിടങ്ങളിലെ പോലെ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇത്തരത്തില്‍ കുറ്റ്യാടി ഹെല്‍ത്ത് ബ്ലോക്ക് പരിധിയില്‍ 26 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഈ വാര്‍ത്ത രോഗം സ്ഥിരീകരിച്ചെന്ന രൂപത്തില്‍ തെറ്റായി പ്രചരിക്കുകയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഇന്നലെ പ്രവേശിപ്പിച്ച മൂന്നു പേര്‍ കൂടി ഉള്‍പ്പെടുന്നു.
രോഗ ലക്ഷണങ്ങളില്ലെങ്കിലും ജില്ലയില്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 167 ആണ്. പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ 32 പേരുള്‍പ്പെടെ നിലവില്‍ നിരീക്ഷണത്തില്‍ 182 പേരാണുള്ളത്. ഇന്നലെ പരിശോധനയ്ക്കായി എടുത്ത അഞ്ചു സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 25 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."