ടൂറിസ്റ്റ് ബസുകളില്‍ അല്‍പംകൂടി കളറാകാം...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം പൂര്‍ണമായും വെള്ളയാക്കാനുള്ള തീരുമാനം മയപ്പെടുത്തുന്നു. ഈയിടെ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലുള്ള വരയും മാത്രമേ പാടുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നും നിര്‍ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ള നിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം.
നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലുള്ള വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണമെന്നുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയുണ്ട്. ടൂറിസ്റ്റ് ബസുടമകളുടെ പരാതിയെത്തുടര്‍ന്നാണ് ടാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യങ്ങള്‍ പരിശോധിച്ച് മാറ്റം വരുത്തിയത്.
ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ ഇത് നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറ്റേണ്ടിവരും.
റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വിസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.
ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ്് ബസുകള്‍ക്കും യൂനിഫോം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."