കുപ്പിവെള്ളത്തിന് 'തീവില' തന്നെ
യു.എച്ച് സിദ്ദീഖ്
കോട്ടയം: കുടിവെള്ളത്തെ അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തി കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനുള്ള സര്‍ക്കാര്‍ തീരുമാനം രണ്ടു വര്‍ഷമായിട്ടും നടപ്പായില്ല. വന്‍കിട കമ്പനികളുടെ ഇടപെടലില്‍ തീരുമാനം അട്ടിമറിക്കപ്പെട്ടു.
സംസ്ഥാനത്ത് ഇപ്പോഴും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപ തന്നെ. കേരള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ടിന്റെ പരിധിയില്‍ കൊണ്ടുവന്നു കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന പ്രഖ്യാപനം 2018 മെയ് മാസത്തിലാണ് സര്‍ക്കാര്‍ നടത്തിയത്.
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറയ്ക്കാന്‍ നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനവും അട്ടിമറിക്കപ്പെട്ടു. വ്യാപാരികളും ഇടനിലക്കാരും കുത്തകകമ്പനികളും ഒത്തുകളിച്ചതോടെയാണ് ഈ തീരുമാനവും നടപ്പാക്കപ്പെടാതെ പോയത്. കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിയമസഭയിലും വിലകുറയ്ക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. കേരള എസെന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ വില നിശ്ചയിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസയേഷന്‍ വില 12 രൂപയായി നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനവും. ഇതിനായി കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ യോഗം വിളിച്ചു ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി പി. തിലോത്തമന്‍ വില 13 രൂപയാക്കി കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഭക്ഷ്യവകുപ്പ് ഇതിന്റെ കരട് വിജ്ഞാപനവും തയ്യാറാക്കിയിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ വന്‍കിട കമ്പനികള്‍ തയാറായില്ല. കുപ്പിവെള്ളത്തിന് 13 രൂപയായി നിശ്ചയിച്ചതോടെ കുടിവെള്ള കമ്പനികള്‍ പ്രതിഷേധം ഉയര്‍ത്തി. മിനറല്‍ വാട്ടറിന് ഉല്‍പാദന ചെലവ് കൂടുതലാണന്നും 13 രൂപ അംഗീകരിക്കാനാകില്ലെന്നുമായിരുന്നു കമ്പനികളുടെ നിലപാട്.
കുപ്പിവെള്ളത്തിന്റെ തീവില സംബന്ധിച്ചു നിയമസഭയില്‍ ഇടപെട്ട പ്രതിപക്ഷവും പിന്നീട് ഇതേകുറിച്ച് മൗനത്തിലായി. വില നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പിന് നടപടി എടുക്കാനാവും. ഇതിന് സര്‍ക്കാര്‍ ഇതുവരെ തയാറാവാത്തതിനാല്‍ സംസ്ഥാനത്ത് കുപ്പിവെള്ള കമ്പനികളുടെ കൊള്ള നിര്‍ബാധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."