ഹൊ, എന്തൊരുചൂട്... പൊറുതിമുട്ടി ജനം
സ്വന്തം ലേഖിക
കൊച്ചി: മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ജനം ഇന്നലെ ചൂടുകൊണ്ട് പൊറുതി മുട്ടി.'ഹൊ എന്തൊരു ചൂട്' എന്ന് എല്ലാവരും പറഞ്ഞെങ്കിലും പൊള്ളുന്ന ചൂട് അനുഭവപ്പെട്ടില്ല.ഹ്യുമിഡിറ്റിയാണ് (ഭൗമാന്തരീക്ഷത്തിലെ നീരാവിയുടെ അളവ്) ഇന്നലെ വില്ലനായത്. ജനം ഓഫിസില്‍ നിന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചു. ഫാനും എ.സിയുമൊക്കെ പ്രവര്‍ത്തിച്ചിട്ടും ചൂടിന് കുറവുണ്ടായില്ല. 35ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. കടമക്കുടി, എളങ്കുന്നപ്പുഴ,മുളവുകാട്,പുതുവയ്പ്,മരട്,കുമ്പളം, കുമ്പളങ്ങി എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി .
അതിരാവിലെ മുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ മഴയുണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ഉച്ചയോടെ ഹ്യുമിഡിറ്റി കൂടിയതോടെ ചിലര്‍ കുഴഞ്ഞുവീണു,ച ിലരാകട്ടെ ഓഫിസുകളിലെ മേശപ്പുറത്ത് തലചായിച്ചിരുന്നു, മറ്റുചിലര്‍ പുറത്തിറങ്ങി തണ്ണിമത്തനും ഓറഞ്ചുമൊക്കെ വാങ്ങിക്കഴിച്ച് ആശ്വാസം കണ്ടു. സോഡാ നാരങ്ങ കുടിക്കാനും ഇന്നലെ വഴിയോരങ്ങളിലെ കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് കരിക്കിനും വന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ടു.
ഇന്നലെ ഹ്യുമിഡിറ്റി 80 ശതമാനമാണ് രേഖപ്പെടുത്തിയത്. ചൂട് ഇത്ര ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ ഒരു തവണ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഈ മഴയ്ക്കുശേഷം ചൂട് അതിശക്തമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മഴയ്ക്ക് ശേഷം മൂടിക്കെട്ടിയ അന്തരീക്ഷം മാറുമെന്നും സൂര്യന്റെ ചൂട് അതികഠിനമായിരിക്കുമെന്നുമാണ് വിലയിരുത്തല്‍. നിര്‍മാണ മേഖലയിലുള്ളവരെയായിരിക്കും വരുംദിവസങ്ങളില്‍ ചൂട് കൂടുതല്‍ ബാധിക്കുക. സൂര്യാതപം ഉള്‍പ്പെടെയുള്ളവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇക്കൂട്ടര്‍ കരുതിയിരിക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ വേണ്ടുവോളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഏപ്രില്‍,മെയ് മാസങ്ങളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതെങ്കിലും മാര്‍ച്ചിലും ചൂട് അസഹനീയമായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."