പാതയോരങ്ങളില്‍ അനധികൃതമായി മരം മുറിച്ചുമാറ്റല്‍ സജീവം
കോഴിക്കോട്: വൃക്ഷത്തൈകള്‍ നട്ടും പരിസ്ഥിതി ബോധവല്‍ക്കരണം നടത്തിയും നാടെങ്ങും പരിസ്ഥിതിദിനം കൊണ്ടാടിയതിനു തൊട്ടുപിറകെ സംസ്ഥാന പാതയോരത്തു അനധികൃത മരം മുറിച്ചുമാറ്റല്‍ സജീവം. പാവങ്ങാട്-അത്തോളി സംസ്ഥാനപാതയിലെ തണല്‍ മരങ്ങളാണ് ഫര്‍ണിച്ചര്‍ മാഫിയകളുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റുന്നത്. തലക്കുളത്തൂര്‍ പുറക്കാട്ടിരിയില്‍ മരം മുറിക്കാനുള്ള ശ്രമം ഇന്നലെ പഞ്ചായത്തധികൃതരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞിരുന്നു.
അപകട ഭീഷണിയുയര്‍ത്തുന്ന ഏതു മരവും മുറിക്കാമെന്ന പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക അനുമതി മറയാക്കിയാണ് മരംമാഫിയകള്‍ വ്യാപകമായി മരം മുറിക്കുന്നത്. എന്നാല്‍ പൊതുമരാമത്തു വകുപ്പ് പ്രത്യേകമായി പേരോ സ്ഥാനമോ അടയാളപ്പെടുത്താത്ത മരങ്ങള്‍ക്കുമേല്‍ പോലും ഇവരുടെ കോടാലി വീഴുകയാണ്. ദേശീയപാതയിലെ പാവങ്ങാട് ഭാഗത്തുള്ള കൂറ്റന്‍ മരങ്ങള്‍ നിസാര വിലക്കു ലേലത്തിനെടുത്തു മുറിച്ചുമാറ്റിയത് ഇതേ പഴുതുപയോഗിച്ചാണെന്നാണു പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
സംസ്ഥാന പാതയോരങ്ങളില്‍ അപകട ഭീഷണിയുയര്‍ത്തുന്ന നിരവധി മരങ്ങള്‍ നിലനില്‍ക്കെയാണു വലിയ വൃക്ഷങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ചു മുറിക്കുന്നത്. മരം മുറിക്കാനുള്ള സംഘത്തിന്റെ ശ്രമം പരിസ്ഥിതിദിനത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇന്നലെ വീണ്ടും മരം മുറിക്കാനെത്തിയ കരാറുകാരെ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ മാസ്റ്ററുടെയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വീണ്ടും തടയുകയായിരുന്നു. ഉത്തരവിറക്കുന്നതിനു മുന്‍പു മരത്തിന്റെ അപകടഭീഷണി വിലയിരുത്തി പ്രത്യേകമായി അടയാളപ്പെടുത്തിയ ശേഷമാണു മരം മുറിക്കേണ്ടതെന്ന നിബന്ധന നിലനില്‍ക്കെയാണ് ഉദ്യോഗതലങ്ങളില്‍ സമ്മര്‍ദംചെലുത്തി മരംമാഫിയകള്‍ ഇതിനുള്ള അനുമതി സ്വന്തമാക്കുന്നത്.
അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ കനംതൂങ്ങി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മാത്രമേ മുറിക്കൂവെന്നായിരുന്നു മരാമത്തു വകുപ്പില്‍ നിന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ പുറക്കാട്ടിരി പാലത്തിനു സമീപത്തെ കൂറ്റന്‍ തണല്‍ മരം ഫര്‍ണിച്ചര്‍ മാഫിയയുടെ കോടാലി പതിയുന്നതും കാത്തിരിക്കുകയാണ്. ഇന്നലെ നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്റെയും നേതൃത്വത്തില്‍ മുറിച്ച മരത്തിന്റെ ചില്ലകളും മറ്റും മാറ്റാന്‍ എത്തിയവരെ തടഞ്ഞിരുന്നു. ജില്ലയിലെ ഇങ്ങനെയുള്ള 20ഓളം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കരാറുകാരന്‍ ഇതേ ഉത്തരവിന്റെ പകര്‍പ്പു കാണിച്ചു തെറ്റിദ്ധരിപ്പിച്ചെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം, മരം മുറിക്കുന്നതുമായി ഒരു ബന്ധവുമില്ലെന്നാണു വനശ്രീ അധികൃതരും വനം വകുപ്പും പറയുന്നത്. മരാമത്തു വകുപ്പിന്റെയും പഞ്ചായത്തു ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതു വരെ മരം മുറിക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."