സമരക്കാരെ എസ്.ഡി.പി.ഐ ആക്കി മുഖ്യമന്ത്രി എരിതീയില്‍ എണ്ണ ഒഴിക്കുന്നു: പി.ടി തോമസ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ എസ്.ഡി.പി.ഐക്കാര്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദുത്വവാദികളുടെ എരിതീയില്‍ എണ്ണ ഒഴിക്കലാണെന്ന് പി.ടി തോമസ്. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരേ മോദിക്കും അമിത്ഷായ്ക്കും രാജ്യമെമ്പാടും പ്രസംഗിക്കാനുള്ള അടിസ്ഥാന രേഖയായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറിയിട്ടുണ്ട്. ഈ പ്രസ്താവന രാജ്യസഭയിലും ചര്‍ച്ചയായിട്ടുണ്ട്. പ്രസ്താവനയുടെ ഗൗരവം മുഖ്യമന്ത്രി മനസിലാക്കിയില്ലെങ്കില്‍ സി.പി.എമ്മെങ്കിലും മനസിലാക്കണം.
സംസ്ഥാനത്ത് ആയിരക്കണക്കിനു മഹല്ലുകള്‍ പ്രതിഷേധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. അവരുടെയൊക്കെ പ്രതിഷേധത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. പ്രതിപക്ഷത്തിന്റെ മേല്‍ എസ്.ഡി.പി.ഐ ബന്ധം ആരോപിക്കുമ്പോള്‍ സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമായി അധികാരം പങ്കിടുന്നത് സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പി.ടി തോമസ് പറഞ്ഞു.
വ്യക്തമായ മറുപടിയില്ലാതെ വരുമ്പോഴാണ് പ്രതിപക്ഷത്തിനു മേല്‍ ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ ബന്ധം സി.പി.എം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് ബന്ധമായിരുന്നു അവര്‍ ആരോപിച്ചത്. ഇപ്പോള്‍ എസ്.ഡി.പി.ഐ ബന്ധം ആരോപിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാതന്ത്യസമരം നാടകമായിരുന്നെന്ന് പറഞ്ഞ ബി.ജെ.പി എം.പിയെ നികൃഷ്ട ജീവിയായി പ്രഖ്യാപിച്ച് ചാട്ടവാറുകൊണ്ട് അടിക്കണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."