പാമ്പുകളെ ഓമനിച്ച് വാവ സുരേഷിന്റെ സ്‌നേക്ക് ഷോ
ചേര്‍ത്തല: പാമ്പുകളുടെ കൂട്ടുകാരന്‍ വാവാ സുരേഷ് അരിപ്പറമ്പില്‍ അവതരിപ്പിച്ച സ്‌നേക്ക് ഷോ കാണികള്‍ക്ക് കൗതുകത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കി. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അകറ്റുകയും വിവിധയിനങ്ങളുടെ സവിശേഷതകള്‍ പരിചയപ്പെടുത്തുകയും ചെയ്തു. പാമ്പുകടിയേറ്റുള്ള അത്യാഹിതങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്നുള്ള അവബോധം പകര്‍ന്നു നല്‍കിയാണ് വാവ സുരേഷ് ഷോ അവതരിപ്പിച്ചത്.
ചേര്‍ത്തല തെക്ക് എ.കെ.ജി സ്മാരക കലാകായിക ക്ലബാണ് അരീപ്പറമ്പ് സഹകരണബാങ്ക് ഗ്രൗണ്ടിലെ തുറന്ന വേദിയിലാണ് പരിപാടി ഒരുക്കിയത്. അത്യുഗ്രവിഷമുള്ള മൂര്‍ഖനെ ഉള്‍പ്പെടെ കൈകളിലെടുത്ത് അവയുടെ പ്രതികരണങ്ങള്‍ കാണികള്‍ക്കായി സുരേഷ് അവതരിപ്പിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറഞ്ഞ സദസ് കൗതുകം പൂണ്ടു.
പാമ്പുകളുടെ പ്രത്യുല്‍പാദന രീതി മുതല്‍ ഇരതേടലിലെ സവിശേഷതയും വിഷവീര്യവും ഉള്‍പ്പെടെയാണ് ആകര്‍ഷകമായ ശൈലിയില്‍ വാവ സുരേഷ് സദസിന് പരിചയപ്പെടുത്തിയത്.
വര്‍ഷാന്ത്യവും ആരംഭവും പാമ്പുകളുടെ മുട്ട വിരിയുന്ന സമയമാണ്.ഈ സമയങ്ങള്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. ചിരട്ടയും മറ്റും ഷെഡുകളില്‍ കൂട്ടിയിട്ടാല്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ അവയെ താവളമാക്കാന്‍ സാധ്യതയേറെയാണ്. പുലര്‍ച്ചെ വീട്ടമ്മമാര്‍ അടുക്കള വാതിലിലൂടെ പുറത്തിറങ്ങുന്നത് അപകടം സൃഷ്ടിച്ചേക്കാം. ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറത്തെറിയുന്നയിടത്ത് എലികള്‍ എത്തുകയും അവയെ പിടിക്കാന്‍ പാമ്പുകള്‍ വരുകയും ചെയ്യും. അങ്ങിനെയാണ് പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നത്.
കഴിഞ്ഞവര്‍ഷം നൂറിലേറെ വീട്ടമ്മമാര്‍ക്കാണ് ഇപ്രകാരം കടിയേറ്റു വെന്നും സുരേഷ് പറഞ്ഞു. വേദിയില്‍ താന്‍ കാണിക്കുന്ന പ്രകടനങ്ങള്‍ ആരും അനുകരിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പും സുരേഷ് നല്‍കി. ആയിരക്കണക്കിന് തവണ പാമ്പുകടിയേറ്റ അനുഭവവും പത്തിലേറെ പ്രാവശ്യം അത്യാസന്ന നിലയിലായതും സുരേഷ് സദസ്യരെ ഓര്‍മിപ്പിച്ചു.
ഒരുമണിക്കൂറോളം നീണ്ട പരിപാടിക്ക് മുന്നോടിയായി സുരേഷിനെ സംഘാടകര്‍ ആദരിച്ചു. സി.പി. എം ഏരിയ കമ്മിറ്റിയംഗം ബി. സലിം ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി വി. വിനോദ് ഉപഹാരം സമര്‍പ്പിച്ചു. കെ. രമേശന്‍ ചെത്തിക്കാട്ട് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."