ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 25,111 പേര്‍
ആലപ്പുഴ: മാര്‍ച്ച് എട്ടിനു തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള ഒരുക്കം അന്തിമഘട്ടത്തില്‍. എ.ഡി.എം എം.കെ. കബീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ അവലോകന സമിതി ഒരുക്കം വിലയിരുത്തി. ഈ വര്‍ഷം ജില്ലയില്‍ 25,111 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 12,530 ആണ്‍കുട്ടികളും 12,581 പെണ്‍കുട്ടികളുമാണുള്ളത്. ഇതില്‍ 2,929 പട്ടികജാതി വിദ്യാര്‍ഥികളും 65 പട്ടികവര്‍ഗ വിദ്യാര്‍ഥികളുമുണ്ട്. 37 പേര്‍ സ്വകാര്യവിദ്യാര്‍ഥികളാണ്. 2,00 പരീക്ഷ കേന്ദ്രങ്ങളിലായി 2,294 അധ്യാപകരാണ് പരീക്ഷ ചുമതല വഹിക്കുന്നത്.
അതത് വിദ്യാഭ്യാസ ജില്ലകളില്‍ എത്തിച്ച ചോദ്യപേപ്പര്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തരം തിരിച്ചശേഷം വിവിധ ട്രഷറികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ സ്‌ട്രോങ് മുറികളിലേക്ക് മാറ്റും. ഇതിനായി 18 കേന്ദ്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
പരീക്ഷ ദിവസം അതത് കേന്ദ്രങ്ങളില്‍ നിന്ന് ജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ എടുക്കുന്ന ചോദ്യപേപ്പറുകള്‍ പൊലീസ് അകമ്പടിയോടെ ഉച്ചയ്ക്ക് 12നകം ഓരോ പരീക്ഷ കേന്ദ്രത്തിലും എത്തിക്കും. എട്ടു സ്‌കൂളുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ചാണ് ചോദ്യപേപ്പര്‍ വിതരണ സംവിധാനം. ഇതിനാവശ്യമായ വാഹന സൗകര്യം ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 3,885 ആണ്‍കുട്ടികളും 4,205 പെണ്‍കുട്ടികളും ഉള്‍പ്പടെ 8,090 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 73 പരീക്ഷ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 10 ക്ലസ്റ്ററുകളുമാണുള്ളത്. 980 പരീക്ഷ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 1,247 ആണ്‍കുട്ടികളും 1,097 പെണ്‍കുട്ടികളും ഉള്‍പ്പടെ 2,344 വിദ്യാര്‍ഥികളാണ് 34 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുക. 197 അധ്യാപകര്‍ക്കാണ് പരീക്ഷ ചുമതല. ചോദ്യപേപ്പര്‍ വിതരണത്തിനായി സ്‌കൂളുകളെ ഏഴു ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്.
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 7,501 വിദ്യാര്‍ഥികളില്‍ 3,906 ആണ്‍കുട്ടികളും 3,595 പെണ്‍കുട്ടികളും അടങ്ങുന്നു. 47 പരീക്ഷ കേന്ദ്രങ്ങളിലായി 524 അധ്യാപകരാണ് പരീക്ഷ ചുമതലയില്‍. ചോദ്യപേപ്പര്‍ വിതരണത്തിനായി 10 ക്ലസ്റ്ററുകളും ഉണ്ട്.
ആലപ്പുഴ വിദ്യാഭ്യസ ജില്ലയില്‍ 46 പരീക്ഷ കേന്ദ്രങ്ങളിലായി 7,176 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 3,492 ആണ്‍കുട്ടികളും 3,684 പെണ്‍കുട്ടികളുമുണ്ട്. 593 അധ്യാപകര്‍ പരീക്ഷ ചുമതലയിലുണ്ട്. ഏഴു ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പര്‍ വിതരണം.
പട്ടികജാതി വിഭാഗത്തില്‍ 1,484 ആണ്‍കുട്ടികളും 1,445 പെണ്‍കുട്ടികളും ഉള്‍പ്പടെ 2,929 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പട്ടികവര്‍ഗ വിഭാഗത്തില്‍ 33 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പടെ 65 പേരാണ് പരീക്ഷ എഴുതുന്നത്.
മാര്‍ച്ച് എട്ടു മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന സംഘങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും. ആവശ്യമുള്ള കേന്ദ്രങ്ങളില്‍ പൊലീസ് സഹായവും ഉറപ്പാക്കും. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ മങ്കൊമ്പ്, എടത്വ, മാവേലിക്കരയില്‍ ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര, മാന്നാര്‍, ആലപ്പുഴയില്‍ ഹരിപ്പാട്, അമ്പലപ്പുഴ ആലപ്പുഴയില്‍ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തലയില്‍ പൂച്ചാക്കല്‍ ചേര്‍ത്തല ട്രഷറികളിലും ബാക്കി എസ്.ബി.ടി. സ്‌ട്രോങ് മുറികളിലുമാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുക.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എം.ജെ. സുനില്‍, ആലപ്പുഴ ഡി.ഇ.ഒ. കെ. പുഷ്പ കുമാരി, കുട്ടനാട് ഡി.ഇ.ഒ. ജി. ചന്ദ്രലേഖ, മാവേലിക്കര ഡി.ഇ.ഒ. ചന്ദ്രമതി, ആലപ്പുഴ ഡിവൈ.എസ്.പി. ജി.ഡി. വിജയകുമാര്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ.എ. അബ്ദുള്‍ ഖാദര്‍ കുഞ്ഞ്, ലീഡ് ജില്ലാ മാനേജര്‍ ജഗദീശ് രാജ്കുമാര്‍, പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് രാജീവ് ജെ. ചെറുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."