യശസ്സോടെ
പൊച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): അജയ്യം, സമ്പൂര്‍ണാധിപത്യം, അപരാജിതര്‍..... ഇങ്ങനെ നീളുന്നു അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കൗമാരങ്ങളുടെ പോരാട്ടവൈഭവങ്ങള്‍. ചുവടുകള്‍ ഓരോന്ന് മുന്നോട്ടെടുക്കുമ്പോഴും പോരാട്ടവീര്യം ഒട്ടും ചോരാതെ കൂടുതല്‍ ശക്തരായി ഫൈനലിലേക്ക്.
സീസണിലെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ 10 വിക്കറ്റ് കൈയിലിരിക്കെ പാകിസ്താനെ തുരത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ബൗളര്‍മാര്‍ അവരുടെ റോള്‍ കൃത്യമായി ചെയ്തപ്പോള്‍ ടൂര്‍ണമെന്റില്‍ അപാര ഫോമില്‍ തുടരുന്ന യശസ്വി ജയ്‌സ്വാളും ദിവ്യാന്‍ഷ് സക്‌സേനയും(59*) വിജയത്തിലേക്കുള്ള ചുവട് എളുപ്പത്തില്‍ കടന്നുവെച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 43 ഓവറില്‍ 172 റണ്‍സിന് കൂടാരം കയറ്റിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റൊന്നും കളയാതെ 176 റണ്‍സെടുത്ത്് വിജയതീരമണയുകയായിരുന്നു.
സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളാണ് (113 പന്തില്‍ 105*) കളിയിലെ താരം. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തിളങ്ങി ഈ ഓപ്പണര്‍ ഇന്ത്യന്‍ പ്രേമികളെ ആശ്ചര്യപ്പെടുത്തി. മൂന്നോവറില്‍ വെറും 11 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
172 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ജയസ്വാളും സക്‌സേനയും തുടക്കം നിലയുറപ്പിച്ചു കളിച്ചു.
മോശം പന്ത് തിരഞ്ഞു പിടിച്ചു ആക്രമിച്ച ഇവര്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കിയതോടെ പേരുകേട്ട പാക് ബൗളിങ് നിരയ്ക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല. എട്ട് ഫോറും നാല് സിക്‌സറും സഹിതമാണ് ജയ്‌സ്വാള്‍ ലോകകപ്പില്‍ തന്റെ കന്നി സെഞ്ചുറി തികച്ചത്. അതേസമയം, താരത്തിന് മികച്ച പിന്തുണ നല്‍കി സക്‌സേനയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 99 പന്തില്‍ ആറ് ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് തുടക്കത്തില്‍ തന്നെ പാളി. സുശാന്ത് മിശ്ര എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ മുഹമ്മദ് ഹുറൈറ(4) പുറത്ത്. ദിവ്യാന്‍ഷ് സക്‌സേനയ്ക്ക് പിടികൊടുത്തായിരുന്നു പാക് സീനിയര്‍ താരം ഷുഐബ് മാലിക്കിന്റെ മരുമകനായ ഹുറൈറയുടെ മടക്കം.
പിന്നീടെത്തിയവര്‍ മത്സരത്തിലെ കൃത്യമായ ഇടവേളകളില്‍ മടങ്ങിയതോടെ ടീം സ്‌കോര്‍ 172ല്‍ അവസാനിച്ചു. 77 പന്തില്‍ 56 റണ്‍സെടുത്ത ഹൈദര്‍ അലിയും 102 പന്തില്‍ 62 റണ്‍സെടുത്ത നായകന്‍ റൊഹൈല്‍ നാസിറുമാണ് ടീം സ്‌കോര്‍ 150 കടത്തിയത്.
ഇന്ത്യക്കായി സുശാന്ത് മിശ്ര മൂന്നും കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ട് വീതവും അഥര്‍വ അന്‍കോലകറും യശസ്വി ജയ്‌സ്വാളും ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."