മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്വോട്ടേഴ്‌സിന് സമീപത്തെ പുല്‍തകിടിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. തീ ആളിപടരുന്നത് കണ്ട സമീപവാസികള്‍ എയ്ഡ് പോസ്റ്റ് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. എയ്ഡ് പോസ്റ്റ് പൊലിസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍നിന്നു ഫയര്‍ ഓഫിസര്‍ സാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം തീ അണയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ചുറ്റുമതില്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാല്‍ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മദ്യപിച്ച് ഇവര്‍ വലിച്ചെറിയുന്ന സിഗററ്റിലെ തീയാണ് അപകടത്തിന് കാരണമാകുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ് കൂടുന്ന ഡോക്ടടര്‍മാരും നഴ്‌സുമാരും ആശുപത്രിയിലെ അനുബന്ധ ജീവനക്കാരും ഭീതിയിലാണ്. എന്നിട്ടും മതില്‍ കെട്ടിയടക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. ക്വാട്ടേഴ്‌സിന് സമീപം പടുത്തുയര്‍ത്തി വരുന്ന ബഹുനില കെട്ടിടങ്ങളിലാണ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയിരിക്കുന്നത്. മൂന്നു മാസത്തിനു മുന്‍പ് പുല്‍തകിടി സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. പൊലിസിന് ഇവിടെ എത്താനോ പട്രോളിങ് നടത്താനുള്ള വാഹന സൗകര്യങ്ങളോ രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ ലൈറ്റ് പോലുള്ള സംവിധാനങ്ങളോ ഇല്ല. മതില്‍ കെട്ടി അടച്ചെങ്കില്‍ മാത്രമെ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. ആര്‍ദ്രം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ പഴക്കമില്ലാത്ത കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കായി ഉപയോഗിക്കുമ്പോഴും മനുഷ്യ ജീവന് ഭീഷണിയാകുന്ന മതില്‍ കെട്ടിയടക്കാന്‍ ആശുപത്രി അധികാരികള്‍ തയാറാകാത്തത് പ്രതിഷേധം വര്‍ധിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."