ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ കിടത്തി ചികിത്സ
ഫറോക്ക്: ചന്ത താലൂക്ക് ആശുപത്രിയില്‍ അടുത്ത മാസം ഒന്നു മുതല്‍ കിടത്തി ചികിത്സ ആരംഭിക്കും. ഇന്നലെ രാവിലെ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ മീറ്റിങ്ങിലാണ് ഐ.പി ആരംഭിക്കുന്നതിനുള്ള തിയതി നിശ്ചയിച്ചത്. കിടത്തി ചികിത്സയ്ക്കാവശ്യമായ ജീവനക്കാരെ നിത്യവേതനത്തില്‍ നിയമിക്കാനും തീരുമാനമായി.
ഐ.പി ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കിടത്തി ചികിത്സ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതാണ് ഐ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം വൈകാന്‍ കാരണം. നഴ്സിങ് അസിസ്റ്റന്റുമാര്‍, സ്ലീപ്പര്മാര്, ലാബ് ടെക്നീഷ്യന്‍സ്, സെക്യൂരിറ്റി ജീവനക്കാരന് എന്നിവരെയാണു താല്കാലികമായി നിയമിക്കുന്നത്. ഇവര്‍ക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 18നു നടക്കും. ഇതിനായി ഇന്റര്‍വ്യൂ ബോര്‍ഡും ഇന്നലത്തെ യോഗത്തില്‍ രൂപീകരിച്ചു.
പുതുതായി നിയമിക്കുന്ന ജീവനക്കാര്‍ക്കു വേതനയിനത്തില്‍ പ്രതിമാസം ഒരു ലക്ഷം രൂപയാണു ചെലവു കണക്കാക്കുന്നത്. ഇതില്‍ 50,000 രൂപ എം.എല്‍.എയും ബാക്കി തുക നഗരസഭയും വഹിക്കും. ഒ.പി ടിക്കറ്റ് രണ്ടുരൂപ നിരക്കില്‍ നിന്നു മൂന്നാക്കാനും തീരുമാനമായി. യോഗത്തില്‍ വി.കെ.സി മമ്മദ്കോയ എം.എല്‍.എ, ഫറോക്ക് നഗരസഭാ ചെയര്പേഴ്സന് ടി. സുഹറാബി, വൈസ് ചെയര്മാന് വി. മുഹമ്മദ് ഹസ്സന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ടി. നുസ്റത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ഹാഷിഫ്, കൗണ്‍സിലര്‍ വേങ്ങാട്ട് മമ്മു, പി.സി അഹമ്മദ് കുട്ടി ഹാജി, എം. ഗിരീഷ്, കെ.എ വിജയന്, മൂലയില്‍ ഹരിദാസന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."