മത്സ്യ വാഹനങ്ങളില്‍നിന്നു മലിനജലം പാതയിലേക്ക്
കാസര്‍കോട്: മത്സ്യ വാഹനങ്ങളില്‍നിന്നു മലിനജലം പാതയിലേക്കും പാതയോരത്തേക്കും ഒഴുക്കിവിടുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കും തിരികെയും പോകുന്ന മത്സ്യവാഹനങ്ങളില്‍ നിന്നാണ് യാതൊരു നിയന്ത്രണവുമില്ലാതെ പാതയിലും പാതയോരത്തും ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കി വിടുന്നത്. ഇതേ തുടര്‍ന്ന് ജില്ലയിലെ ദേശീയപാതയിലും സംസ്ഥാന പാതയിലും ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.മത്സ്യവാഹനങ്ങളില്‍നിന്നു രാത്രികാലങ്ങളിലും പുലര്‍കാലത്തും പാതയോരത്തെ കുറ്റിക്കാടുകളും വളവു തിരിവുള്ള ഭാഗങ്ങളും കയറ്റവും ഇറക്കവും ഉള്ള ഭാഗങ്ങളിലുമാണ് മലിനജലവും മത്സ്യ അവശിഷ്ടങ്ങളും ഉള്‍പ്പെടെ തള്ളിവിടുന്നത്. മത്സ്യ വാഹനങ്ങളില്‍ മലിനജലം സംഭരിക്കാന്‍ ടാങ്കുകള്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇപ്പോള്‍ ഭൂരിഭാഗം വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പേരിനു മാത്രമായി മാറിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് മലിനജലം ചെറിയ റബര്‍ ട്യൂബ് വഴി പാതയില്‍ ഒലിപ്പിച്ച് കൊണ്ടാണ് രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇത്തരം മലിനജലത്തില്‍ തെന്നി ബൈക്കുകള്‍ ഉള്‍പ്പെടെ മറിഞ്ഞുവീഴുകയും ആളുകള്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ചില വാഹനങ്ങളില്‍ ടാങ്കുകള്‍ ഉണ്ടെങ്കിലും നിറഞ്ഞുനില്‍ക്കുന്ന മലിനജലം പാതയോരത്ത് ഒഴുക്കിവിടുന്ന സാഹചര്യവും നിലവിലുണ്ട്.
ജില്ലയിലെ ദേശീയപാതയില്‍ മഞ്ചേശ്വരം, തെക്കില്‍, ബേവിഞ്ച, ചാലിങ്കാല്‍, മൂലക്കണ്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വളവു തിരിവുകളും കയറ്റവും ഇറക്കവും ഉള്ള ഭാഗത്താണ് മത്സ്യ ലോറികളില്‍നിന്നും അവശിഷ്ടങ്ങളും മലിനജലവും കൂടുതലായും തള്ളുന്നത്. പുലര്‍കാലമായാല്‍ പിന്നെ ഒരാഴ്ചത്തേക്ക് പാതയില്‍ കൂടി ആര്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്തത്ര ദുര്‍ഗന്ധമാണ് ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
ബസ് യാത്രക്കാരില്‍ പലര്‍ക്കും ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ വരുന്നതോടെ ഛര്‍ദി ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ തയാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."