പച്ചക്കറി കൃഷിയില്‍ നവ അധ്യായമെഴുതാന്‍ ചെറുപുഴ പഞ്ചായത്ത്; ടൗണില്‍ ഹരിതവീഥി തീര്‍ക്കാന്‍ വ്യാപാരികള്‍
ചെറുപുഴ: പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള വ്യാപാരി വ്യവസായി സമിതി, യൂത്ത് വിങ് ചെറുപുഴ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍ അധ്യക്ഷയായി. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയകരമായാല്‍ മറ്റുള്ള പഞ്ചായത്തുകളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പച്ചക്കറിക്കായി അന്യസംസ്ഥാനത്തെ ആശ്രയിക്കാതിരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍ ഇതിലൂടെ സാധിക്കും. തരിശു ഭൂമികള്‍ പരമാവധി കാര്‍ഷികവൃത്തിക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപുഴ ടൗണിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഗ്രോബാഗില്‍ പച്ചക്കറി കൃഷി നടത്തും. പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവന്‍ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കും. വഴുതന, വെണ്ട, മുളക്, തക്കാളി മുതലായ പച്ചക്കറികളാണ് കൃഷിക്കായി കൃഷിഭവന്‍ നല്‍കുന്നത്. ചെറുപുഴ ടൗണിനോട് ചേര്‍ന്ന തരിശുനിലങ്ങളില്‍ പയര്‍, ചീര, പാവയ്ക്ക തുടങ്ങിയ പന്തല്‍ കൃഷിയും നടത്തും. ഹരിതവീഥി പദ്ധതിക്കായി 40,000 രൂപയാണ് കൃഷി വകുപ്പ് നല്‍കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ഇനത്തില്‍ ഉള്‍പ്പെടുത്തി സബ്‌സിഡിയും നല്‍കും.
കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ വി.കെ രാമദാസ് പദ്ധതി വിശദീകരിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കോമളവല്ലി, ചെറുപുഴ പഞ്ചായത്ത് അംഗങ്ങളായ ലളിത ബാബു, കെ.കെ ജോയി, കൃഷി അസി. ഡയരക്ടര്‍ ടി.പി.എം നൂറുദ്ദീന്‍, കൃഷി ഓഫിസര്‍ എ. റജിന, കെ.വി.വി.എസ് യൂത്ത് വിങ് പ്രസിഡന്റ് കെ.എസ് അനില്‍ കുമാര്‍, സെക്രട്ടറി കാവണാല്‍ നാരായണന്‍, ജെ. സെബാസ്റ്റ്യന്‍, എം.വി ശശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."