എസ്.എസ്.എല്‍.സിയില്‍ നൂറുമേനിക്കായി ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി നേടാനുള്ള അവസാനഘട്ട ഒരുക്കത്തിന് ജില്ലാ പഞ്ചായത്ത് യോഗം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍മാരും 25നകം തങ്ങളുടെ ഡിവിഷനു കീഴിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് എസ്.എസ്.എല്‍.സി ഒരുക്കങ്ങള്‍ വിലയിരുത്തും. സര്‍വശിക്ഷാ അഭിയാന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കി വരുന്ന ഇംഗ്ലീഷ് ശില്‍പശാല ജില്ലാ പഞ്ചായത്തിനു കീഴിലെ ഗവ. സ്‌കൂളുകളില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. വരുന്ന അധ്യയന വര്‍ഷം ലക്ഷ്യമിട്ട് വിദ്യാര്‍ഥികള്‍ കുറയുന്ന പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു മാര്‍ച്ച് മുതല്‍ തന്നെ കാംപയിന്‍ തുടങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപയും മൂന്നു കോടി രൂപയും അനുവദിച്ച സ്‌കൂളുകളുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വിദ്യാഭ്യാസ ഉപഡയരറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് യോഗം ഫെബ്രുവരി അഞ്ചിന് ചേരുമെന്ന് യോഗത്തില്‍ അധ്യക്ഷനായ പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്നതിനാല്‍ 2018-19 വര്‍ഷത്തെ ശേഷിച്ച പദ്ധതികള്‍ സംബന്ധിച്ച പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി. 20നകം ഇതുവരെ ടെന്‍ഡര്‍ ചെയ്ത എല്ലാ റോഡ് പ്രവൃത്തികള്‍ക്കും കരാര്‍ വയ്ക്കണം. 2018-19 വര്‍ഷത്തെ പൊതുമരാമത്ത് പദ്ധതികളില്‍ ടെന്‍ഡര്‍ ചെയ്യാന്‍ ബാക്കിയുള്ള മുഴുവന്‍ പദ്ധതികളും ടെന്‍ഡര്‍ ചെയ്യുന്നതിനും പ്രവൃത്തി തുടങ്ങാന്‍ ബാക്കിയുള്ള മുഴുവന്‍ പദ്ധതികളിലയും പ്രവൃത്തി തുടങ്ങുന്നതിനും സ്ഥിരം സമിതിക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി, പട്ടികവര്‍ഗ മേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പല തട്ടുകളിലും നിഷേധാത്മക നയം നിലനില്‍ക്കുന്നതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പരാതി പരിഹരിക്കാന്‍ ജില്ലാതല പട്ടികജാതി വകുപ്പ് കൂടുതല്‍ മുന്‍കൈ എടുക്കണം. പദ്ധതികള്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജില്ലാ പട്ടികജാതി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത പഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് പല പഞ്ചായത്തുകളില്‍നിന്നും അപേക്ഷകരില്ലാത്തത് സംബന്ധിച്ച് അംഗങ്ങള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണിത്.
വിവിധ പദ്ധതികളുടെ ഇംപ്ലിമെന്റിങ് ഓഫിസര്‍മാര്‍ ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ ഹാജരാവാതിരിക്കുന്നത് ഗൗരവതരമായ പ്രശ്‌നമായി കാണുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. ജനപ്രതിനിധികള്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്ന യോഗങ്ങളിലാണ് നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരാവാതിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും സ്ഥിരം സമിതി യോഗങ്ങളിലും ഹാജരാവാതിരുന്ന എ.ഡി.സി ജനറലിനോട് വിശദീകരണം തേടാനും നിര്‍ദേശിച്ചു.
അന്തരിച്ച ഗാന്ധിയന്‍ കെ.പി.എ റഹീമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ. ശോഭ, ടി.ടി റംല, അംഗങ്ങളായ സണ്ണി മേച്ചേരി, ജോയ് കൊന്നക്കല്‍, തോമസ് വര്‍ഗീസ്, അജിത് മാട്ടൂല്‍, പി.പി ഷാജിര്‍, അന്‍സാരി തില്ലങ്കേരി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, സെക്രട്ടറി വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."