കോര്‍പറേഷനില്‍ അവിശ്വാസം ഒഴിവാക്കി യു.ഡി.എഫ്
കണ്ണൂര്‍: ഇടതുതന്ത്രത്തിനു നിന്നുകൊടുക്കാതെ ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ചുള്ള യു.ഡി.എഫ് നീക്കം കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസം ഒഴിവാക്കി. മുന്‍ കോണ്‍ഗ്രസുകാരനായ പി.കെ രാഗേഷിന്റെ പിന്തുണ നേടിയാണ് എല്‍.ഡി.എഫ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സി സമീറിനെതിരേ അവിശ്വാസം കൊണ്ടുവന്നത്. എന്നാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് രാജിവച്ച് ഒഴിയണമെന്ന മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു സമീര്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം നടന്ന ലീഗ് കൗണ്‍സലര്‍മാരുടെ യോഗത്തിലായിരുന്നു രാജിനല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു നടന്ന യു.ഡി.എഫ് കൗണ്‍സലര്‍മാരുടെ യോഗത്തില്‍ രാഗേഷിന്റെ പിന്തുണയോടെ നേടിയ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവികളും രാജിവയ്ക്കണമെന്നു ലീഗ് കൗണ്‍സലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. രാഗേഷിന്റെ പിന്തുണയോടെ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നാണു ലീഗ് നിലപാട്.
അതേസമയം ഡപ്യൂട്ടി മേയര്‍ രാജിവച്ചതിനെ തുടര്‍ന്നു അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ച യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സലര്‍മാരാരും പങ്കെടുത്തില്ല. അവിശ്വാസ പ്രമേയം വോട്ടിനിടേണ്ടി വന്നാല്‍ വോട്ടുരേഖപ്പെടുത്താനുള്ള സംവിധാനം ഉള്‍പ്പെടെയുള്ളവ കോര്‍പറേഷനില്‍ സജ്ജമാക്കിയിരുന്നു. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് പി.കെ രാഗേഷുമാണുള്ളത്.
2015 നവംബര്‍ 18നു നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഇ.പി ലത വിജയിച്ചതു രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലായിരുന്നു. ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാതെ രാഗേഷ് വിട്ടുനിന്നതോടെ ഇരുമുന്നണികള്‍ക്കും തുല്യവോട്ട് ലഭിക്കുകയും നറുക്കെടുപ്പില്‍ സമീര്‍ ജയിക്കുകയുമായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് യു.ഡി.എഫ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. എട്ടില്‍ ഏഴുസ്ഥാനവും യു.ഡി.എഫിനു ലഭിക്കുകയും ചെയ്തു.
ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം പാസായാലും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലൊഴികെ മറ്റു കമ്മിറ്റികളില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ രാഗേഷ് കോണ്‍ഗ്രസിനു പുറത്താണ്.അവിശ്വാസം കൊണ്ടുവന്നാല്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നു രാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."