'സി.എ.എ മുസ്ലിങ്ങള്‍ക്ക് ഭീഷണിയല്ല, എന്‍.പി.ആര് അത്യാവശ്യം'- നിയമത്തെ പിന്തുണച്ച് രജനീകാന്ത്
ചെന്നൈ: ലോകരാജ്യങ്ങളുടെ പോലും വിമര്‍ശനം ഏറ്റുവാങ്ങിയ പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് ദക്ഷിണേന്ത്യന്‍ താരം രജനീകാന്ത്. സി.എ.എ ഒരിക്കലും രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നാണ് താരം പറയുന്നത്. അങ്ങിനെയാണെങ്കില്‍ അവര്‍ക്കു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തുന്നത് താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല എന്‍.പി.ആര് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സി.എ.എ ഒരിക്കലും മുസ്ലിങ്ങള്‍ക്ക് ഭീഷണിയല്ല. അവര്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞാനായിരിക്കും അവര്‍ക്കു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തുക'- രജനീകാന്ത് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു. അക്രമവും കലാപവും കൊണ്ട് ഒന്നിനും പരിഹാരം കാണാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യസുരക്ഷക്കായി ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."