തനിച്ചാകില്ല; 'ഹര്‍ഷം' കൂടെയുണ്ടാകും
എന്‍.സി ഷെരീഫ്
മഞ്ചേരി: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്കു സാന്ത്വനം ഉറപ്പാക്കി കുടുംബശ്രീയുടെ വയോജന പരിചരണ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. വയോജനങ്ങള്‍ക്കാവശ്യമുള്ള പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍നിന്നു തെരഞ്ഞെടുത്ത അംഗങ്ങള്‍ ഇനി സദാസമയം സേവനരംഗത്തുണ്ടാകും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഏപ്രിലില്‍തന്നെ പദ്ധതിയുടെ ലോഞ്ചിങ് നടന്നിരുന്നെങ്കിലും ജില്ലയില്‍ പദ്ധതിയുമായി സഹകരിക്കാന്‍ പലരും വൈമനസ്യം കാണിച്ചതോടെ വൈകുകയായിരുന്നു. വയോജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 14 വനിതകളെ തെരഞ്ഞെടുത്തു പരിശീലനം നല്‍കി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉടന്‍ വിതരണം ചെയ്യും. ഈ രംഗത്തെ സേവനദാതാക്കളായ ഹാപ് (ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍), ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേരളാ അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ജില്ലയിലെ നിരവധി വനിതകള്‍ക്കു വയോജന പരിചരണ മേഖലയില്‍ പരിശീലനം നല്‍കി അവര്‍ക്കു തൊഴില്‍ ലഭ്യമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്. സൂക്ഷ്മ സംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഇതിനായി 55 വയസില്‍ താഴെ പ്രായമുള്ള മികച്ച ശാരീരിക ക്ഷമതയും സേവനതല്‍പരതയും തൊഴിലിനോട് ആഭിമുഖ്യവുമുള്ളവരെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 പേര്‍ വീതമുള്ള രണ്ടു ബാച്ചുകള്‍ക്കു പരിശീലനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 15 ദിവസം നീണ്ടുനില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനത്തിന് പലരും തയാറാകാതിരുന്നതോടെ 14 പേര്‍ക്കു മാത്രമാണ് പരിശീലനം നല്‍കാനായത്. നിലവില്‍ കര്‍മരംഗത്തിറങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാകും മറ്റു പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് കോള്‍ സെന്ററുകള്‍ വഴിയോ 24 മണിക്കൂറും ഓണ്‍ലൈനായോ 'ഹര്‍ഷം' പദ്ധതിയുടെ സേവനം ഉറപ്പുവരുത്താനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതായി കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.പി ദിനേഷ് പറഞ്ഞു. സേവന കാലാവധിക്കാനുപാതികമായി പദ്ധതിയിലെ അംഗങ്ങള്‍ക്കു വേതനം നല്‍കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നമുറയ്ക്കു സേവനദാതാക്കള്‍ വീട്ടിലെത്തി പരിചരണം ഉറപ്പാക്കും. ഉപഭോക്താവിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും കുടുംബശ്രീയുടെ സേവനം ലഭ്യമാക്കുക. ഇതിനായി അതാത് സി.ഡി.എസ് -എ.ഡി.എസ് പ്രവര്‍ത്തകരുടെ സഹായവും ഉറപ്പുവരുത്തും. പരിശീലനം പൂര്‍ത്തിയാക്കിയ 14ല്‍ മൂന്ന് അംഗങ്ങള്‍ തിരൂര്‍, താനൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ പരിചരണ മേഖലയിലേക്കു പ്രവേശിച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."