'മലപ്പുറത്തോടെന്തിനാ ഇത്ര ദേഷ്യം?'
മലപ്പുറം: സി.പി.എം നേതാക്കള്‍ മലപ്പുറം ജില്ലയ്‌ക്കെതിരേ നിരന്തരം നടത്തുന്ന അധിക്ഷേപത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. മലപ്പുറത്തുകാരെന്നതു പ്രയോഗം മാത്രമാണെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രസ്താവന ബോധപൂര്‍വമാണെന്നാണ് വിലയിരുത്തല്‍.
തന്റെ പ്രസ്താവനയെ ന്യായീകരിച്ചു മലപ്പുറത്തു കടലില്ലെന്ന മന്ത്രിയുടെ വിശദീകരണവും വലിയ പരിഹാസങ്ങള്‍ക്കു കാരണമായിട്ടുണ്ട്. മുന്‍പും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നു നിരന്തരം മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചതിനു പിന്നാലെ, മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് ആക്ഷേപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ മലപ്പുറത്തു പ്രതിഷേധിക്കുന്ന സമരക്കാര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന വാദവുമായി സി.പി.എം നേതാവ് എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു. ദേശീയപാത സ്ഥലമെടുപ്പിനെതിരേ സമരം ചെയ്യുന്ന മലപ്പുറത്തുകാര്‍ രാജ്യദ്രോഹികളാണെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയതെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം നേതാക്കള്‍ നിരന്തരം നടത്തുന്ന മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കും തലവേദനായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്തു മലപ്പുറത്തിനെതിരേയുള്ള പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സി.പി.എം നേതാക്കളും.
മന്ത്രി മാപ്പുപറയണം: വി.വി പ്രകാശ്
മലപ്പുറം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന അപകടകരമെന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. മന്ത്രി എത്രയും പെട്ടെന്നു പ്രസ്താവന പിന്‍വലിച്ചു മലപ്പുറത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ മൊത്തം ജനങ്ങളെയും അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു.
ജയരാജന് 'കാവിക്കളസാവരണം'
മലപ്പുറം: ജില്ലയെ വര്‍ഗീയമായി അപമാനിക്കുന്ന മന്ത്രി ഇ.പി ജയരാജനു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി കാവിക്കളസം ധരിപ്പിച്ചു.
കാവിക്കളസാവരണം എന്ന പേരിലാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്തു പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വര്‍ഗീയ മുഖം പുറത്തുകൊണ്ടുവന്നുവെന്നു യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തെ മലപ്പുറത്തു തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്നു റിയാസ് മുക്കോളി അറിയിച്ചു. ഡി.സി.സിയില്‍നിന്നു പ്രകടനമായി കുന്നുമ്മലെത്തിയാണ് മന്ത്രിയെ കാവിക്കളസം ധരിപ്പിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. പി.സി വേലായുധന്‍ കുട്ടി, പി.കെ നൗഫല്‍ ബാബു, ഷൗക്കത്ത് പൊന്‍മള, ഷഫീര്‍ ജാന്‍ പാണ്ടിക്കാട്, അന്‍വര്‍ അരൂര്, അജ്മല്‍ വെളിയോട്, മണി, റാഷിദ് പൂക്കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."