മകളെ കൊണ്ടുവിടാനുള്ള യാത്ര മരണത്തിലേക്ക്
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ മകളെ കോളജില്‍ കൊണ്ടുവിടുന്നതിനായിട്ടുള്ള യാത്രയിലാണ് അബ്ദുറഹ്മാന്‍ മരണത്തിലേക്കു യാത്രയായത്. കുറ്റിക്കോല്‍ പാലത്തിനു സമീപം ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു അപകടം. രാവിലെ പെയ്ത കനത്ത മഴയാണ് അപകടത്തിനു കാരണമായത്. പൊതുവേ കുറ്റിക്കോല്‍ ദേശീയപാതയില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. വളവുകളില്ലാത്ത റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നു പോകാറ്. ലോറി ഇടിച്ച ആഘാതത്തില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് പതിച്ചു. ലോറിയുടെ മുന്‍ഭാഗവും കാറിനൊപ്പം താഴ്ചയിലേക്കു പോയിരുന്നു. കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന അബ്ദുല്‍ റഹ്മാനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. എങ്കിലും പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് അബ്ദുല്‍ റഹ്മാന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. തിരുവള്ളൂര്‍, പയങ്ങോട്ടായി പ്രദേശത്തെ സാമൂഹിക, മത, രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. വ്യാവസായിക രംഗത്തും കഴിവു തെളിയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മകള്‍ ഷംസീന(24)യുടെ നില ഗുരുതരമായി തുടരുകയാണ്. പിതാവിന്റെ വേര്‍പാട് ഇതുവരെ അറിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അബ്ദുല്‍ റഹ്മാന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."