ഇന്‍ഡോര്‍ സിമി കേസ്: മലയാളികളടക്കം 11 പേര്‍ക്ക് ജീവപര്യന്തം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയുധം കൈവശംവച്ചെന്ന കേസില്‍ മലയാളികളടക്കം 11 മുന്‍ സിമി പ്രവര്‍ത്തകരെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിരോധിക്കപ്പെടുമ്പോള്‍ സിമിയുടെ ദേശീയ അധ്യക്ഷനായിരുന്ന സഫ്ദര്‍ നഗോരി (45) ഉള്‍പ്പെടെയുള്ളവരെ ഇന്‍ഡോറിലെ സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.കെ പലോഡയാണ് ശിക്ഷിച്ചത്.
ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി(38), ശാദുലി(32), ആലുവ സ്വദേശി അന്‍സാര്‍ നദ്‌വി(35) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മലയാളികള്‍. ഹാഫിസ് ഹുസൈന്‍(35), ആമില്‍ പര്‍വേസ്(40), നഗോരിയുടെ സഹോദരന്‍ ഖമറുദ്ദീന്‍(42), ഖംറാന്‍(40), അഹമ്മദ് ബേഗ്(32), യാസീന്‍ (35), മുന്റോസ് (40) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കര്‍ണാടക, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 2008 മാര്‍ച്ച് 28നാണ് നാഗോരിയെയും മറ്റു പ്രതികളെയും മധ്യപ്രദേശ് ഭീകര വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്.
മുന്റോസ് ഒഴികെയുള്ള പ്രതികള്‍ നിലവില്‍ മറ്റൊരു കേസില്‍ ഗുജറാത്ത് സബര്‍മതി ജയിലിലാണുള്ളത്.
ജയിലില്‍ ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇവര്‍ വിധി പ്രഖ്യാപനം കേട്ടത്.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ശാദുലിയും ശിബിലിയും അന്‍സാര്‍ നദ്‌വിയും ഹൂബ്ലി സ്‌ഫോടനക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതെവിട്ടു. എട്ടുവര്‍ഷത്തിലേറെയായി ഇവര്‍ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."