എ.ബി.വി.പി ഭീഷണി; രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ഗുര്‍മെഹര്‍ കൗറിനുനേരെ ഉയര്‍ന്ന ഭീഷണിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എ.ബി.വി.പിയെ ഭയമില്ലെന്ന് ചൂണ്ടിക്കാട്ടി കൗര്‍ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ മാനഭംഗപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ത്തി എ.ബി.വി.പി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഗുര്‍മെഹറിന്റെ ധൈര്യത്തെ പ്രകീര്ത്തിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം രാജ്യമൊട്ടാകെ കൗറിന് പിന്നിലുണ്ടെന്നും വ്യക്തമാക്കി. എ.ബി.വി.പിയും അവരെ നയിക്കുന്ന ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങളും ഉയര്‍ത്തുന്ന വിദ്വേഷത്തിനും ഭീകരതക്കുമെതിരേ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെല്ലാവരും വര്‍ഗീയ അജണ്ടക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യത്തിനുമായി കോണ്‍ഗ്രസിന് ശബ്ദിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു രംഗത്തുവന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കയ്യ നായിഡു രാഹുലിനും കോണ്‍ഗ്രസിനും എതിരായി നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."