സഊദിയിൽ ജനസംഖ്യാ കണക്കെടുപ്പ് നടപടി തുടങ്ങി
ജിദ്ദ: സഊദിയിൽ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. മാർച്ച് ആറ് വരെ 33 ദിവസത്തെ ഫീൽഡ് സർവേയാണ് ആരംഭിച്ചത്. കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ വില്ലകൾ പോലുള്ള പാർപ്പിടകേന്ദ്രങ്ങൾ, വീടുകളിലുള്ള ആളുകളുടെയും സാധനങ്ങളുടെയുമെല്ലാം കണക്കെടുക്കുന്ന സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗറ്റ്സ്റ്റാറ്റ്) ആണ് നടത്തുന്നത്.
രാജ്യത്ത് നടക്കാൻ പോകുന്ന അഞ്ചാമത് സെൻസസിന്റെ പ്രധാനപ്പെട്ട പ്രവർത്തനമാണിത്. ഇതിനുള്ള ഒരുക്കങ്ങൾ 2017ൽ തന്നെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യത്തെ മുഴുവൻ കെട്ടിടങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നമ്പറിടുകയും സഊദി പോസ്റ്റിന്റെയും ഗൂഗ്ൾ മാപ്പിന്റെയും സഹകരണത്തോടെ എല്ലാ കെട്ടിടങ്ങളിലേയും അന്തേവാസികൾക്ക് നാഷനൽ അഡ്രസ് ലഭ്യമാക്കുകയും ചെയ്തു. ഏതൊക്കെ പാർപ്പിടങ്ങൾ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുവെന്ന് എളുപ്പത്തിൽ മനസിലാക്കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇനി 33 ദിവസം ഫീൽഡ് സർവേ കൂടി പൂർത്തിയാകുന്നതോടെ യഥാർഥ ജനസംഖ്യാ കണക്കെടുപ്പിലേക്ക് കടക്കും. മാർച്ച് 17 മുതൽ ഏപ്രിൽ ആറ് വരെ 20 ദിവസമാണ് സെൻസസ്. 2010ലാണ് അവസാന സെൻസസ് നടന്നത്. 1974ലായിരുന്നു ആദ്യ ജനസംഖ്യാ കണക്കെടുപ്പ്. അതുൾപ്പെടെ നാല് സെൻസസുകളാണ് രാജ്യത്ത് ഇതുവരെ നടന്നത്. 2010ലായിരുന്നു അവസാനത്തേത്. ഒടുവിലത്തെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 27,136,977 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."