റിസോര്‍ട്ട് വിടാതെ കര്‍ണാടക: ബി.ജെ.പി എം.എല്‍.എമാര്‍ ഹരിയാനയില്‍, എം.എല്‍.എമാരെ പൊക്കാന്‍ ഡി.കെ.എസ് മുംബൈയിലേക്ക് പറന്നു
ബംഗളൂരു: കര്‍ണാടകയുടെ രാഷ്ട്രീയം വീണ്ടും റിസോര്‍ട്ടുകളിലേക്ക്. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ.പി അവസാനശ്രമത്തിന്റെ ഭാഗമായി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂടെ കൂട്ടിയെന്നായിരുന്നു ഇന്നലെയുണ്ടായിരുന്ന വാര്‍ത്ത. മുംബൈയില്‍ ഒരു ഹോട്ടലില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് ഇവരെന്ന് കോണ്‍ഗ്രസിന്റെ 'ട്രബിള്‍ ഷൂട്ടറാ'യ ഡി.കെ ശിവകുമാര്‍ തന്നെയാണ് ആദ്യം പറഞ്ഞത്.
സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ഡി.കെ.എസ് ആരോപിച്ചു. അതിനു പിന്നാലെ ശ്രമം തകര്‍ക്കാനുള്ള നടപടിയും ആരംഭിച്ചു. കര്‍ണാടകയുടെ നിരീക്ഷണ ചുമതലയുള്ള കെ.സി വേണുഗോപാല്‍ ബംഗളൂരുവില്‍ എത്തിയിരിക്കുകയാണ്.
അതേസമയം, ഡി.കെ ശിവകുമാര്‍ മുംബൈയിലേക്കു തിരിച്ചു. എം.എല്‍.എമാരെ അനുനയിപ്പിക്കാനാണ് ശിവകുമാറിന്റെ യാത്ര. ഔറംഗാബാദിലേക്കുള്ള യാത്രക്കിടെയാണ് ശിവകുമാര്‍ മുംബൈയില്‍ ഇറങ്ങുക.
ബി.ജെ.പി എം.എല്‍.എമാര്‍ ഇപ്പോള്‍ ഹരിയാന ഗുഡ്ഗാവിലെ ഹോട്ടലിലാണ്. രാജ്യ തലസ്ഥാന നഗരിയുടെ പരിധിയില്‍ വരുന്ന നഗരമാണിത്. എന്നാല്‍ ഇത് റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും ഒന്നു രണ്ടു ദിവസം ഇവിടെ തലസ്ഥാനത്ത് കാണുമെന്നും ബി.എസ് യെദ്യൂരപ്പ പറഞ്ഞു. പിന്നീട് സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങുമെന്നും പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."