തീപിടിത്തം: വിലപ്പെട്ട രേഖകള്‍ അഗ്‌നിക്കിരയായി
കൊട്ടിയം: അഗ്‌നിബാധയില്‍ വയോധിക ദമ്പതികളുടെ വിലപ്പെട്ട രേഖകളും പണവും കത്തിനശിച്ചു. ഉമയനല്ലൂര്‍ കാഞ്ഞാംതലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ഷണ്‍മുഖ ഭവനില്‍ കറുപ്പസ്വാമി ബാലമ്മാള്‍ ദമ്പതികളുടെ ഒറ്റമുറി വീടിനുള്ളിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഉന്തുവണ്ടിയില്‍ മലക്കറി വ്യാപാരം നടത്തുന്ന ഇരുവരും ജോലിക്ക് പോയിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. മുറിക്കുള്ളില്‍ നിന്നും പുക ഉയരുന്നത് പരിസരവാസികളാണ് ആദ്യം കണ്ടത്. ഓടിയെത്തിയ ഇവര്‍ വീട്ടിനുള്ളില്‍ നിന്നും സാധനങ്ങള്‍ വാരി പുറത്തിട്ട ശേഷം തീയണച്ചെങ്കിലും ബാങ്ക് പാസ് ബുക്ക്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, തുടങ്ങിയ രേഖകളും വസ്ത്രങ്ങളും അയ്യായിരത്തോളം രൂപയും കത്തിനശിച്ചു. ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് ലഭിച്ച വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവര്‍ ഷീറ്റിട്ട ഒറ്റമുറിക്കുള്ളിലാണ് താമസിച്ചിരുന്നത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം കാരണമെന്ന് പറയുന്നു. പുതിയ വീടിന്റെ അവസാനഘട്ട പണികള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."