കമ്പനിയുടെ വ്യാപാരരഹസ്യം വെളിപ്പെടുത്തുന്നവരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാം
ദോഹ: പുതിയ പ്രവാസി തൊഴില്‍ നിയമപ്രകാരം ഒരു തൊഴിലാളി കമ്പനിയുടെ വ്യാപാരരഹസ്യം വെളിപ്പെടുത്തിയാല്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കുമെന്നു നിയമ വിദഗ്ധര്‍. പുതിയ നിയമപ്രകാരം പ്രവാസിക്ക് താന്‍ പാര്‍ട്ണര്‍ ആയിട്ടുള്ള മറ്റൊരു കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യാന്‍ അനുമതിയുണ്ടായിരിക്കുമെന്ന് അല്‍സുലൈത്തി നിയമ കമ്പനി ജനറല്‍ മാനേജരും സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമായി ഹുസ്സാം തന്‍താവി പറഞ്ഞു.
എന്നാല്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അതേ വ്യാപാരം തന്നെയാണ് താന്‍ മാനേജ് ചെയ്യുന്ന കമ്പനിയിലേതുമെങ്കില്‍ താല്‍പര്യ സംഘട്ടനത്തിന് ഇടയാക്കുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കാനാണു നിയമത്തിലെ 43ാം അനുഛേദം. ഇതുപ്രകാരം തൊഴില്‍ കരാറില്‍ മറ്റൊരു കോംപീറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതു വിലക്കുന്ന നിബന്ധന ഉള്‍പ്പെടുത്താനാവും. ഈ നിരോധനം ജോലിയില്‍നിന്ന് ഒഴിവായി രണ്ടു വര്‍ഷം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കരാറില്‍ ഇതു വ്യക്തമാക്കിയിട്ടില്ലെങ്കില്‍ തൊഴിലാളിക്കു മറ്റൊരു കമ്പനിയിലെ മാനേജ്‌മെന്റ് പദവി ഏറ്റെടുക്കാം. എന്നാല്‍, ധനവാണിജ്യ മന്ത്രാലയം ഇഷ്യു ചെയ്യുന്ന സിആറില്‍(കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍) അദ്ദേഹത്തിന്റെ പേരുണ്ടായിരിക്കണം. അപ്പോഴും തന്റെ തൊഴിലുടമയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ അയാള്‍ ഉത്തരവാദി ആയിരിക്കും. ജോലിയില്‍നിന്ന് ഒഴിവാക്കപ്പെട്ടാലും ജീവനക്കാരന്‍ കമ്പനിയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും നിയമത്തില്‍ പറയുന്നു.
2015ലെ 21ാം നമ്പര്‍ നിയമം നടപ്പില്‍ വന്ന ശേഷം എക്‌സിറ്റ് പെര്‍മിറ്റ്, ജോലി മാറ്റം, ഇലക്ട്രോണിക് കോണ്‍ട്രാക്ട് തുടങ്ങിയവ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍ ഇനിയും പുറപ്പെടുവിച്ചില്ലെന്നതാണ് ഇതിന് കാരണമെന്ന് അല്‍സുലൈത്തി നിയമ കമ്പനി ചെയര്‍മാന്‍ മുബാറക് ബിന്‍ അബ്ദുല്ല അല്‍സുലൈത്തി പറഞ്ഞു. ഖത്തറിലെ തൊഴില്‍ നിയമമാറ്റം സംബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ മാറ്റം പ്രവാസി തൊഴിലാളികള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."