കീം 2020: 25 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍, ഡന്റല്‍, എന്‍ജിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സ് (കീം) പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഈ മാസം 25ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം.
ഈ തിയതിക്കകം അപേക്ഷിക്കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ (ആറു മാസത്തിനുള്ളിലെടുത്തത്), ഒപ്പ്, ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്ന രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു അനുബന്ധ രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് 29ന് വൈകിട്ട് അഞ്ചുവരെ അവസരം ഉണ്ട്. കണ്‍ഫര്‍മേഷന്‍ പേജിന്റെ പകര്‍പ്പോ രേഖകളോ തപാല്‍ മുഖേനെയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലേക്ക് അയക്കേണ്ടതില്ല.
എന്‍ജിനീയറിങ് മാത്രം, ബിഫാം, രണ്ടിനും കൂടി ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാ ഫീസ്, ആര്‍കിടെക്ചര്‍ മാത്രം, മെഡിക്കല്‍ ആന്‍ഡ് അനുബന്ധം മാത്രം, രണ്ടിനും കൂടി ജനറല്‍ വിഭാഗത്തില്‍ 500 ഉം എസ്.സി വിഭാഗത്തില്‍ 200 രൂപയുമാണ് അപേക്ഷാ ഫീസ്. എല്ലാ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ജനറലില്‍ 900 രൂപയും എസ്.സി വിഭാഗത്തില്‍ 400 രൂപയുമാണ്. എസ്.ടി വിഭാഗത്തിന് ഒരു കാറ്റഗറിയിലും അപേക്ഷാ ഫീസ് ഇല്ല.
ഓണ്‍ലൈന്‍ പേമെന്റ്, ഇ ചെലാന്‍ എന്നീ മാര്‍ഗങ്ങളിലൂടെ അപേക്ഷാ ഫീസ് ഒടുക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ലഭ്യമാകുന്ന ഇ ചെലാന്‍ പ്രിന്റൗട്ട് ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളില്‍ പണമായി അപേക്ഷാ ഫീസ് അടയ്ക്കാം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ദുബൈ പരീക്ഷാസെന്ററായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ അപേക്ഷാ ഫീസിനു പുറമെ അധിക ഫീസായി 12,000 രൂപ കൂടി ഓണ്‍ലൈനായി അടയ്ക്കണം. കേരളത്തിലാണ് തുക അടയ്ക്കുന്നതെങ്കില്‍ ഇ ചെലാന്‍ മുഖേനയും സെന്റര്‍ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. അപേക്ഷകന് 2020 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയില്‍ ഇളവില്ല. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ബി ഫാം കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല.
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ ഉയര്‍ന്ന പ്രായപരിധി നീറ്റ് യു.ജി 2020 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും. അപേക്ഷകന്റെ ജനനതിയതി തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, ആര്‍കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധം എന്നീ അഞ്ച് സ്ട്രീമിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഞ്ച് സ്ട്രീമിലാണ് പ്രവേശനമെങ്കിലും അപേക്ഷ ഒന്നുമതി. താല്‍പര്യമുള്ള സ്ട്രീമുകള്‍ തെരഞ്ഞെടുത്ത് അപേക്ഷയില്‍ രേഖപ്പെടുത്തണം. രണ്ട് സ്ട്രീമിലേക്ക് മാത്രമാണ് പ്രവേശന പരീക്ഷ നടത്തുക. എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കുമാണ് പ്രവേശന പരീക്ഷ. ഇതില്‍ ഫാര്‍മസി പരീക്ഷ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രിയാണ്. എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷിച്ചതുകൊണ്ടുമാത്രം ഫാര്‍മസി പ്രവേശനത്തിന് പരിഗണിക്കില്ല. ഫാര്‍മസി സ്ട്രീം കൂടി അപേക്ഷിക്കുമ്പോള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ എന്‍ജിനീയറിങ് പേപ്പര്‍ ഒന്ന് എഴുതിയാലും ഫാര്‍മസിയിലേക്ക് പരിഗണിക്കൂ.
ന്യൂനപക്ഷ സമുദായ ക്വാട്ട സീറ്റുകളിലേക്ക്
വില്ലേജ് ഓഫിസറില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം
കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളില്‍ ന്യൂനപക്ഷ സമുദായ ക്വാട്ട (ക്രിസ്ത്യന്‍, മുസ്‌ലിം) സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസറില്‍നിന്ന് അവരവരുടെ സമുദായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. സമര്‍പ്പിക്കേണ്ട വിവരങ്ങളും രേഖകളും ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും.
എന്‍.ആര്‍.ഐ ക്വാട്ടയിലെ പ്രവേശനത്തിന് വിദേശത്ത് ഏതൊക്കെ ബന്ധങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്‍ , അമ്മ, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരന്‍മാരുടെ മകന്‍, മകള്‍ ഉള്‍പ്പെടെ) ഭര്‍ത്താവ്, ഭാര്യ, അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാര്‍ (അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കളുടെ സഹോദരീസഹോദരന്‍മാരുടെ മകന്‍, മകള്‍ ഉള്‍പ്പെടെ) അര്‍ധസഹോദരന്‍ അര്‍ധ സഹോദരിയെ ദത്തെടുത്ത അച്ഛന്‍ അല്ലെങ്കില്‍ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം.
എന്‍.ആര്‍.ഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശന മേല്‍നോട്ട സമിതി നിര്‍ദേശിച്ച രേഖകള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിസഗ്രീന്‍കാര്‍ഡ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ഇതില്‍ സ്‌പോണ്‍സറുടെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കണം. വിസയുടെ കാലാവധി 2020 ഓഗസ്റ്റ് 31 വരെ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിസഗ്രീന്‍കാര്‍ഡ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) എന്നിവയില്‍ തൊഴില്‍ രേഖപ്പെടുത്താത്ത പക്ഷം എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. സ്‌പോണ്‍സറും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് (ബന്ധം വിശദമാക്കിയിരിക്കണം). സ്‌പോണ്‍സര്‍ അച്ഛന്‍, അമ്മ ആണെങ്കില്‍ അപേക്ഷകന്റെയും സ്‌പോണ്‍സറുടെയും പേരുകള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ രേഖകള്‍ മതിയാകും.
വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ) വഹിക്കാമെന്നുള്ള സ്‌പോണ്‍സറുടെ സമ്മതപത്രം 200 രൂപയുടെ മുദ്രപ്പത്രത്തില്‍ തയാറാക്കി ഒരു നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്‌പോണ്‍സര്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യപേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണം.
മറ്റു വിഭാഗങ്ങളിലുള്ള അപേക്ഷകരെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. കേരളീയന്‍ (Keralite-), കേരളീയേതരന്‍ ഒന്നാം വിഭാഗം (NKI), കേരളീയേതരന്‍ രണ്ടാം വിഭാഗം (NKII-) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
അപേക്ഷകനോ മാതാപിതാക്കളിലാരെങ്കിലോ കേരളത്തില്‍ ജനിച്ചതാണെങ്കില്‍ അപേക്ഷകനെ 'കേരളീയന്‍' ആയി കണക്കാക്കും. അതിനായി നിശ്ചിത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. (പ്രോസ്‌പെക്ടസ് ക്ലോസ് 6.1 കാണുക.) 'കേരളീയന്‍' വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമാണ് വിവിധ സാമുദായിക പ്രത്യേക ശാരീരിക അവശതയുള്ളവര്‍ക്കുള്ള സംവരണാനുകൂല്യങ്ങളും ഫീസ് ഇളവുകളും ലഭ്യമാകുക.
കേരളീയരല്ലാത്ത കേരള കേഡറില്‍ ജോലിചെയ്യുന്ന അഖിലേന്ത്യാ സര്‍വിസ് ഉദ്യോഗസ്ഥരുടെ (എ.ഐ.എസ്) മക്കളെയും കേരളീയരായി പരിഗണിക്കും. അത്തരം വിദ്യാര്‍ഥികള്‍ രക്ഷിതാവ് കേരള കേഡറില്‍ ജോലി ചെയ്യുന്ന എ.ഐ.എസ് ഉദ്യോഗസ്ഥരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍ അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. എന്നാല്‍, ഇവര്‍ക്ക് സംവരണാനുകൂല്യങ്ങളോ ഫീസ് ഇളവുകളോ ലഭിക്കില്ല.
കേരളത്തില്‍ അല്ല ജനിച്ചതെങ്കിലും താഴെപ്പറയുന്ന വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്നുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ കേരളീയേതരന്‍ ഒന്നാം വിഭാഗമായി കണക്കാക്കും. കേരളത്തില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട കേരളീയരല്ലാത്ത ഇന്ത്യാ ഗവണ്‍മെന്റ് ജീവനക്കാരുടെയും പ്രതിരോധവകുപ്പ് ജീവനക്കാരുടെയും മക്കള്‍, അവര്‍ യോഗ്യതാ പരീക്ഷ കേരളത്തില്‍ പഠിച്ചവരായിരിക്കണം.
കേരളത്തിലോ അല്ലെങ്കില്‍ കേരള സംസ്ഥാനത്തിനുവേണ്ടിയോ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി കേരള സര്‍ക്കാരിനു കീഴില്‍ ജോലി നോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കള്‍; അവര്‍ യോഗ്യതാ പരീക്ഷ കേരളത്തില്‍ പഠിച്ചവരായിരിക്കണം.
പന്ത്രണ്ടു വര്‍ഷത്തെ പഠനകാലയളവില്‍ അഞ്ചു വര്‍ഷക്കാലം കേരളത്തില്‍ താമസിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകര്‍. കേരളത്തിലെ സ്‌കൂളുകളില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ പഠിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകര്‍. കേരളീയേതരന്‍ ഒന്നാം വിഭാഗം അപേക്ഷകര്‍ അത് തെളിയിക്കുന്നതിനുള്ള രേഖ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. കേരളീയേതരന്‍ ഒന്നാം വിഭാഗം അപേക്ഷാര്‍ഥികളെ എന്‍ജിനിയറിങ് , ആര്‍ക്കിടെക്ചര്‍, ഫാര്‍മസി മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ 'സ്റ്റേറ്റ് മെറിറ്റ്' സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്. സാമുദായിക, പ്രത്യേക ശാരീരിക അവശത വിഭാഗ സംവരണത്തിനോ ഫീസിളവുകള്‍ക്കോ ഇവര്‍ക്ക് അര്‍ഹതയില്ല.
കേരളീയന്‍, കേരളീയേതരന്‍ ഒന്നാം വിഭാഗം എന്നിവയില്‍പ്പെടാത്ത അപേക്ഷാര്‍ഥികളെ കേരളീയേതരന്‍ രണ്ടാം വിഭാഗമായി പരിഗണിക്കും. ഇത്തരം അപേക്ഷാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.
എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശനത്തിന് കേരളീയന്‍, കേരളീയേതരന്‍ ഒന്നാം വിഭാഗം എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മാത്രമേ കേരളീയേതരന്‍ രണ്ടാം വിഭാഗത്തെ പരിഗണിക്കൂ. കൂടാതെ, കേരളീയേതരന്‍ രണ്ടാം വിഭാഗം അപേക്ഷാര്‍ഥികള്‍ക്ക് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ സിദ്ധ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ സ്വാശ്രയ സിദ്ധ കോളജിലെ സിദ്ധ കോഴ്‌സിന് കേരളീയന്‍ കേരളീയേതരന്‍ ഒന്നാം വിഭാഗം എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മാത്രമേ കേരളീയേതരന്‍ രണ്ടാം വിഭാഗത്തെ പരിഗണിക്കൂ.
കേരളീയേതരന്‍ രണ്ടാം വിഭാഗം വിദ്യാര്‍ഥികള്‍ സ്വകാര്യ, സ്വാശ്രയ ഫാര്‍മസി കോളജുകളിലെ മാനേജ്‌മെന്റ് ക്വോട്ടയിലെ പരമാവധി 10 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരാണ്. കേരളീയേതരന്‍ രണ്ടാം വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലേക്കും ബി.ഡി.എസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലും സര്‍ക്കാര്‍ എന്‍ജിനീയറിങ് ഫാര്‍മസി കോളജുകളിലും പ്രവേശനത്തിന് അര്‍ഹതയില്ല.
2019 ജൂണ്‍ 10ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് കോഴ്‌സിന്റെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ്, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന നീറ്റ് യു.ജി 2020ന്റെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ജനനസ്ഥലം പരിഗണിക്കാതെയായിരിക്കും.
കേരളീയേതരന്‍ രണ്ടാംവിഭാഗം വിദ്യാര്‍ഥികള്‍ സാമുദായിക, പ്രത്യേക ശാരീരിക വൈകല്യവിഭാഗ സംവരണത്തിനോ ഫീസ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരല്ല. അപേക്ഷകന്റെ നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ആര്‍കിടെക്ചര്‍ കോഴ്‌സിന് ആര്‍കിടെക്ചര്‍ കൗണ്‍സിലിന്റെ നാറ്റ സ്‌കോറാണ് പരിഗണിക്കുക. എങ്കിലും കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."