ഇരു കാലുകള്‍ക്കും തളര്‍ച്ച ബാധിച്ച കുരുന്നു സഹോദരങ്ങള്‍ കാരുണ്യം തേടുന്നു
എരുമപ്പെട്ടി: ഇരുകാലുകളിലും തളര്‍ച്ച ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ഉദാരമതികളുടെ കാരുണ്യം തേടുകയാണ് സുനില്‍കുമാറും കുടുംബവും. ചിറമനേങ്ങാട് വെള്ളറ വീട്ടില്‍ സുനില്‍കുമാര്‍ ബിന്ദു ദമ്പതികളുടെ മക്കളില്‍ മൂന്നുപേരില്‍ ഇളയ മക്കളായ ഒന്‍പത് വയസുള്ള ശ്രീവത്സനും എട്ട് വയസുള്ള ശ്രീഹരിയുമാണ് കാരുണ്യം തേടുന്നത്.
അസുഖം ബാധിച്ച് കിടപ്പിലായ കുരുന്നുകളെയും കൊണ്ട് വേദനയോടെയാണ് ഓരോ ദിവസവും സുനില്‍കുമാര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അരക്ക് താഴെ പൂര്‍ണമായും തളര്‍ന്ന ശ്രീവത്സന്‍ കിടപ്പിലാണ്. തളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലെത്തിയ ശ്രീഹരി നടക്കാനും കുമ്പിടാനും കഴിയാത്ത രോഗാവസ്ഥയിലേക്കെത്തിയിട്ടുണ്ട്. ശ്രീവത്സന്‍ ഏഴ് വയസുവരെ മറ്റു കുട്ടികളെ പോലെ ഓടി ചാടി നടന്നിരുന്നു. പെട്ടെന്നാണ് രോഗബാധിതനായത്. മസിലിന്റെ വളര്‍ച്ച ഇല്ലാതാകുന്ന മസ്‌ക്യുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ രോഗവും ഞരമ്പുകള്‍ക്ക് തളര്‍ച്ചയുമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. മാസത്തില്‍ 10,000 രൂപയിലധികം മരുന്നിന് മാത്രമായി ചിലവ് വരുന്നുണ്ട്. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്ലുവായ് സഹകരണ ബാങ്കില്‍ നിന്നെടുത്ത രണ്ടര ലക്ഷം രൂപ പലിശ കയറി ആറ് ലക്ഷം രൂപയായി സ്ഥലം ജപ്തി ഭീഷണിയിലുമാണ്.
ഇത് സുനില്‍ കുമാറിനെയും കുടുംബത്തെയും മാനസികമായും തളര്‍ത്തുന്നു. മക്കള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീടിന്റെ പണി പാതിവഴിയില്‍ മുടങ്ങി. അതിനാല്‍ തന്നെ കൂലി പണിക്കാരനായ സുനില്‍കുമാറും കുടുംബവും ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. കിട്ടുന്ന കൂലി കൊണ്ട് വീട്ടു ചെലവും ചികിത്സാ ചെലവും നടത്താന്‍ കഴിയാതെ നിസഹായനായി നോക്കി നില്‍ക്കാനേ സുനില്‍കുമാറിന് കഴിയുന്നുള്ളൂ. ചികിത്സാ ചെലവിനും മറ്റുമായി ഭീമമായ തുകയാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നിര്‍ധനനായ സുനില്‍കുമാറിന് സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ചെലവാണിത്. ഈ ദുഃഖ കയത്തില്‍ നിന്നും കരകയറ്റാന്‍ കനിവ് വറ്റാത്ത ഉദാരമതികളുടെ കാരുണ്യം പ്രതീക്ഷിച്ച് കഴിയുകയാണ് കുടുംബം.
സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന എസ്.ബി.ഐ ചൊവന്നൂര്‍ ബ്രാഞ്ചിന്റെ ജോയിന്റ് അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ഥിക്കുന്നു.ഫോണ്‍: 7025328 270, ശ്രീഹരി വി.എസ്. ഒ.പി ബൈ എംഎന്‍ജി ബിന്ദു, എസ്.ബി.ഐ ബാങ്ക് ചൊവ്വന്നൂര്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 37081004064 ഐ.എഫ്.എസ്.സി :എസ്.ബി.ഐ.എന്‍ 0008607.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."