മത്സ്യക്കച്ചവടത്തില്‍ നിന്ന് കോടീശ്വരനിലേക്ക്: ബിനുവിന്റേത് അമ്പരപ്പിക്കുന്ന വളര്‍ച്ച
പുതുക്കാട്: കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച ബിനുവിന്റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചെറുപ്പകാലത്ത് മീന്‍ വില്പനയായിരുന്നു ബിനുവിന്റെ ജീവിതോപാധി. മീന്‍ വില്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയാണ് ഇയാള്‍ അനധികൃതമായി പണം സമ്പാദിക്കാന്‍ ആരംഭിച്ചത്.
ലഹരി വില്പന ആരംഭിച്ചതോടെ മേഖലയിലെ പൊലിസിന്റെയും എക്സൈസിന്റെയും നോട്ടപുള്ളിയായി ബിനു മാറി. ഇതേ തുടര്‍ന്നു കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലുള്ള മംഗലപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇവിടെയും കഞ്ചാവ് കച്ചവടം തുടര്‍ന്ന ബിനു ആലപ്പുഴ അരൂകുറ്റി സ്വദേശി വിനീതിനെ പരിചയപ്പെട്ടതോടെയാണ് ദേശീയപാതയിലെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്കു തിരിയുന്നത്. ഇതോടെ സാമ്പത്തികമായി ബിനു വളരാന്‍ തുടങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാതകളില്‍ വ്യാപകമായി പുലര്‍ച്ചെ മോഷണം നടത്തി വരികയായിരുന്നു. ഇവരുടെ മോഷണ പരമ്പര മൂലം നട്ടം തിരിഞ്ഞ ഡ്രൈവര്‍മാര്‍ പരാതിയുമായി വിവിധ പൊലിസ് സ്റ്റേഷനുകളെ സമീപിച്ചതോടെ മോഷണസംഘത്തെ കണ്ടെത്താന്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയായിരുന്നു. പൊലിസിന്റെ വിശദമായ അന്വേഷണത്തില്‍ ബിനുവിനെയും സംഘാംഗങ്ങളെയും നിരീക്ഷണ കാമറകളുടെ സഹായത്തോടെയാണ് മനസിലാക്കാന്‍ പറ്റിയത്.
ബിനുവിനും വിനീതിനുമെതിരേ അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, ആലപ്പുഴ നോര്‍ത്ത്, അടൂര്‍ ഏനാത്ത്, ചാലക്കുടി മുതലായ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ലക്ഷക്കണക്കിന് രൂപയാണ് ബിനുവും വിനീതും ചേര്‍ന്ന് മോഷ്ടിച്ചെടുത്തത്. ബിനുവിന്റെ മംഗലപുരത്തെ വാടക വീട്ടിലെത്തിയ പൊലിസ് സംഘത്തിന് നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.
ഈ കേസുകളിലെല്ലാം കേവലം ആറുമാസത്തിനുള്ളില്‍ ജാമ്യമിറങ്ങിയ ബിനു പിന്നീടും മോഷണം തുടരുകയുമായിരുന്നു. ഈ പണമുപയോഗിച്ച് ഇപ്പോള്‍ താമസിക്കുന്ന വാടക വീടിനു സമീപം ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങിയതായും അവിടെ കോടികള്‍ മതിപ്പുള്ള ഇരുനില ആഡംബര വീടും നിര്‍മിച്ചതായും ഒരു പിക് അപ് വാനും ആധുനിക ബൈക്കും വാങ്ങിയതായും ചാലക്കുടിയിലെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പൊലിസിനെ ഭയന്ന് പുരയിടത്തിനോടു ചേര്‍ന്ന് ഒരു ഷെഡ് കെട്ടി അതില്‍ മീന്‍ പെട്ടികള്‍ അടുക്കി അതിനിടയിലാണ് ബിനു മോഷണത്തിനു പോകാത്ത രാത്രികളില്‍ ഉറങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."