ആര്‍.എസ്.എസ് ആയുധപരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി
തിരുവനന്തപുരം: ശാഖകളില്‍ ക്രൂരപരിശീലനം നടക്കുന്നുണ്ടെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. മുസ്സോളിനിയുടെ ഫാസിസിസ്റ്റ് രീതിയാണ് ആര്‍.എസ്.എസ് പിന്തുടരുന്നത്. വിവിധ രീതിയിലുള്ള പരിശീലനത്തിന്റെ ലക്ഷ്യം ക്രൂരമായ കൊലപാതകം വഴി മനുഷ്യത്വം ഇല്ലാതാക്കലാണ്.
ജനാധിപത്യ സംവിധാനം അംഗീകരിക്കാത്ത സംഘടനയാണ് ആര്‍.എസ്.എസ്. ഏതെങ്കിലും തരത്തിലുള്ള വിപ്രതിപത്തി സംഘടനയ്ക്കുള്ളില്‍ ആര്‍ക്കെങ്കിലുമുണ്ടെന്ന് സംശയം തോന്നിയാല്‍ ഇത്തരക്കാരെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമര്‍ദനത്തിനിരയാക്കുന്നു.
ഇത്തരം കേന്ദ്രങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായാണ് തിരുവനന്തപുരം കരകുളം സ്വദേശി വിഷ്ണുവിന്റെ വെളിപ്പടുത്തല്‍. സംഘടന വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നവരെയും എതിരഭിപ്രായമുള്ളവരെയും ആര്‍.എസ്.എസില്‍ നിലനിര്‍ത്തുന്നതിനായാണ് ഈ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നത്. വിഷ്ണുവിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികള്‍ ഇക്കാര്യത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി സി.കെ ഹരീന്ദ്രന് ഉറപ്പുനല്‍കി.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ആര്‍.എസ്.എസിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.പി ജയരാജനെ അറിയിച്ചു.
നടവരവ് തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, പണം കൈവശപ്പെടുത്തല്‍, അതിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയാണ് നടക്കുന്നത്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. വിശ്വാസികള്‍ക്ക് ഭയരഹിതമായി എത്തിപ്പെടാനുള്ള സ്ഥലമായി ആരാധനാലയങ്ങളെ മാറ്റുമെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."