വാഹനങ്ങളില്‍ നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂങ്ങ ബിനു പിടിയില്‍
പുതുക്കാട്: അന്തര്‍-സംസ്ഥാന വാഹനങ്ങളില്‍ നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂങ്ങ ബിനു പുതുക്കാട് പൊലിസിന്റെ പിടിയിലായി. ദേശീയപാതയോരത്ത് രാത്രികാലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ഇയാള്‍ അതിവിദഗ്ധമായി പണം കവരുന്നത്. തിരുവനന്തപുരം മംഗലപുരം സ്വദേശി കേശണിക്കരയില്‍ ബിനു (38) ആണ് പിടിയിലായത്. മൂങ്ങ ബിനു, തടിയന് ബിനു എന്നി പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
ജില്ലാ പൊലിസ് മേധാവി പുഷ്കരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആര് സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബിനുവിനെ പിടികൂടിയത്. കഴിഞ്ഞ 11ന് പുലര്‍ച്ചെ പാലിയേക്കര ടോള്‍ പ്ലാസക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ഒന്നര ലക്ഷത്തിലേറെ രൂപ കവര്‍ന്ന കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ലോറി ഡ്രൈവര്‍ തമിഴ്നാട് ഭവാനി ജില്ലയിലെ പുളിയംകുടി സ്വദേശി സൂര്യപ്രകാശിന്റെ പരാതിയിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കായ വില്പന നടത്തി മടങ്ങിവരുന്നതിനിടെ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപത്ത് ലോറി നിര്‍ത്തി ഉറങ്ങുന്നതിനിടെയായിരുന്നു മോഷണം.
ലോറിയുടെ താക്കോല്‍ താഴെ വീണു കിടക്കുന്നതു കണ്ടപ്പോള്‍ പണം സൂക്ഷിച്ചിരുന്ന പ്രത്യേക അറ പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ മോഷണവിവരം അറിയുന്നത്. ഉടന്‍ പുതുക്കാട് പൊലിസില്‍ സൂര്യപ്രകാശ് പരാതി നല്‍കുകയായിരുന്നു.
പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ടോള്‍ പ്ലാസയിലെ നിരീക്ഷണ കാമറയില്‍ ബിനുവിന്റെ സാമ്യമുള്ള ദൃശ്യം പതിഞ്ഞിരുന്നു. ദേശീയപാതയിലും സംസ്ഥാന പാതകളിലും സമാനരീതിയില്‍ മോഷണം നടത്തുന്ന ബിനുവിനെ പൊലിസ് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബിനുവിന്റെ സംഘത്തിലെ മറ്റ് അംഗങ്ങളെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പുതുക്കാട് എസ്.ഐ ആര്.സുജിത്കുമാര്‍, അഡീഷണല്‍ എസ്.ഐ സുരേഷ്, ക്രൈം സ്ക്വാഡ് എ.എസ്.ഐ ജിനുമോന്‍, സീനിയര്‍ സി.പി.ഒമാരായ ജോബ്, സതീശന്, റോയ്, മൂസ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."