രക്ഷകനായി ഇബ്ര
ലണ്ടന്‍: അവസാന മിനുട്ടു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സതാംപ്ടനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പില്‍ കിരീടം നേടി. നിര്‍ണായക നിമിഷത്തില്‍ ഇരട്ട ഗോളോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ്. ജെസ്സെ ലിംഗാര്‍ഡാണ് ശേഷിച്ച ഗോള്‍ നേടിയത്. സതാംപ്ടനായി മനോലോ ഗാബിയാദിനി ഇരട്ട ഗോള്‍ നേടി. യുനൈറ്റഡിന്റെ അഞ്ചാം ലീഗ് കപ്പ് കിരീടമാണിത്. ലിവര്‍പൂള്‍ മാത്രമാണ് ഏറ്റവുമധികം കിരീടം നേടിയവരുടെ പട്ടികയില്‍ യുനൈറ്റഡിന് മുന്നിലുള്ളത്. പുതിയ കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് കീഴില്‍ യുനൈറ്റഡിന്റെ ആദ്യ പ്രമുഖ കിരീടമാണിത്. മത്സരത്തില്‍ ഇരുടീമുകളും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പോള്‍ പോഗ്ബയിലൂടെ മത്സരത്തിലെ ആദ്യത്തെ മികച്ച മുന്നേറ്റം നടത്തിയത് യുനൈറ്റഡാണ്. എന്നാല്‍ താരത്തിന്റെ ലോങ് റേഞ്ചര്‍ സതാംപ്ടന്‍ ഗോളി ഫ്രേസര്‍ ഫോസ്റ്റര്‍ സേവ് ചെയ്തു. വൈകാതെ തന്നെ സെഡ്രിക് സോറസിന്റെ മനോഹരമായ ക്രോസില്‍ ഗാബിയാദിനിക്ക് പന്ത് ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വൈകാതെ തന്നെ യുനൈറ്റഡ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഒറിയോല്‍ റോമിയോയെ ഹെരേര ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഇബ്രാഹിമോവിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇബ്രയുടെ ആറാം ഗോളായിരുന്നു ഇത്. ഗോളിന് ശേഷവും സമ്മര്‍ദത്തിലാകാതെ കളിക്കാന്‍ സതാംപ്ടന് സാധിച്ചു. ജെയിംസ് വാര്‍ഡ് പ്രോസിന്റെ ഗോളെന്നുറച്ച ഷോട്ടും ഡുസാന്‍ ടാഡിക്കിന്റെ ഗോള്‍ ശ്രമവും കഷ്ടപ്പെട്ടാണ് ഡിഗിയ സേവ് ചെയ്തത്.
38ാം മിനുട്ടില്‍ യുനൈറ്റഡ് ലീഡ് ഉയര്‍ത്തി. വമ്പന്‍ താരങ്ങള്‍ക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയ ലിംഗാര്‍ഡായിരുന്നു സ്‌കോറര്‍. യുവാന്‍ മാറ്റ, ആന്റണി മാര്‍ഷല്‍, മാര്‍ക്കസ് റോജോ സഖ്യം നടത്തിയ മുന്നേറ്റത്തില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ യുനൈറ്റഡിന് തിരിച്ചടി നേരിട്ടു. വാര്‍ഡ് പ്രോസിന്റെ കോസില്‍ നിനിന്ന് ഗാബിയാദിനി ഗോള്‍ നേടി യുനൈറ്റഡിനെ ഞെട്ടിക്കുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനുട്ടുകള്‍ക്കകം സതാംപ്ടന്‍ സമനില ഗോള്‍ നേടി. സ്റ്റീവന്‍ ഡേവിഡ് ഒരുക്കികൊടുത്ത അവസരത്തില്‍ നിന്ന് ഗാബിയാദിനി മികച്ചൊരു വോളിയിലൂടെ സ്‌കോര്‍ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് പോകുമെന്ന് കരുതവേയാണ് ഇബ്രയുടെ വിജയഗോള്‍ പിറന്നത്. ആന്റണി മാര്‍ഷ്യലിന്റെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഇബ്ര സ്‌കോര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."